കാസര്‍കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെയല്ല സമരങ്ങള്‍ നടത്തുന്നതെന്ന് ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മറയാക്കി പ്രവര്‍ത്തിക്കുന്ന ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെയാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം സ്വദേശിനി നിമിഷ മതം മാറിയത് ദന്തല്‍ കോളേജിലെ പഠനകാലത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാബ്യാസം മറയാക്കി നാടിനെ കുരുതി കളമാക്കാന്‍ കൂട്ട് നില്ക്കുന്ന ശക്തികളെ നശിപ്പിക്കുയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രത്തിന്റെ സംസ്കാരിക അടിത്തറ രൂപപ്പെടുത്തേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. അതിനായി എല്ലാ വിഭാഗങ്ങളും മുന്നോട്ട് വന്നാലെ രാജ്യം വളരു. പ്രണയം നടിച്ച് നിരവധി ഹിന്ദു പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥിനികളെ മതം മാറ്റി കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയിട്ട് അവര്‍ എന്ത് നേടി. അനധികൃത സമ്പാദ്യങ്ങള്‍ കുമിഞ്ഞ് കൂടിയത് കൊണ്ടാണ് ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ കുറച്ച് അന്വേഷിക്കണം. സോഴ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത സമ്പാദ്യങ്ങള്‍ ഏത് മതത്തിലുണ്ടായാലും അത് കണ്ടുകെട്ടുക തന്നെ ചെയ്യണം. പല്ലിനെ കുറിച്ച് പഠിപ്പിക്കേണ്ടിടത്ത് അതിനെ കുറിച്ച് പഠിപ്പിക്കണം. ദുരുദേശ്യത്തോടു കൂടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ സമൂഹം അവയ്ക്കെതിരെ തിരിയും. കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്ത് കൊടുത്ത പിന്തുണയാണ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ വളരാന്‍ കാരണം. പ്രണയിക്കുമ്പോള്‍ മതം പ്രശ്നമല്ലാത്ത ഇവര്‍ കല്യാണം കഴിക്കാനായി മതം മാറുന്നത് എന്തിനാണ്. പ്രണയം മതം മാറ്റത്തിനുള്ള വഴിയാണെന്ന് തിരിച്ചറിയണം.
ബംഗളാദേശില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സക്കീര്‍ നായ്ക്കിന് പങ്കുണ്ടെന്ന് തുറന്ന് പറയാന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറായി. അത് കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മുസ്ലിം ലീഗ് കൂടിയിരുന്ന് സക്കീര്‍ നായ്ക് വിശുദ്ധനാനെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദും, തീവ്രവാദവും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറയുന്നവര്‍ അത് ചെയ്തവരെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണം. കേരളത്തിലെ മതം മാറ്റം നിയമം മൂലം നിരോധിക്കണം. മതം മാറ്റാന്‍ നിയമപ്രകാരം കേരളത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കേ അധികാരമുള്ളു. അത് ഒഴിച്ച് സത്യസരണിയും, സലഫിയും പോലുള്ള അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഘര്‍വാപസിയെന്ന് പറഞ്ഞ് ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചവര്‍ ഇന്ന് എവിടെ പോയി. കേരളത്തില്‍ നിന്ന നിരവധി ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതം മാറ്റപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളിലെത്തിയിട്ടും ഇവര്‍ പ്രതികരിക്കാത്തതെന്ത്. ഇസ്ലാമില്‍ നിശബ്ദമായിരിക്കുന്ന സമൂഹം മുന്നോട്ട് വരികയും യഥാര്‍ത്ഥ ഇസ്ലാം മത തത്ത്വങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യണമെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന്റെ സന്തതികളെ പോറ്റി വളര്‍ത്താനുള്ള കേന്ദ്രങ്ങളാക്കി പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാറ്റിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. ഭീകരവാദത്തിന്റെ അഭയ കേന്ദ്രങ്ങളായി ഇത്തരം സ്ഥാപനങ്ങള്‍ പരിണമിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ്സെക്രട്ടറി പി.ജെ.കണ്ണന്, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ രക്ഷാധികാരി സ്വാമി പ്രേമാനന്ദ, ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി നിഷ ടീച്ചര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി.രമേശ് എന്നിവര്‍ സംസാരിച്ചു.
പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: