പരപ്പനങ്ങാടി: നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത് ഉദ്ഘാടനം ചെയ്തു.
കേവലഭൂരിപക്ഷത്തില്‍ ഭരണം നടത്തുമ്പോള്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ജനോപകാര പദ്ധതിയായ അര്‍ബന്‍ സബ് സെന്റര്‍ പോലുള്ളവ സ്ഥാപിക്കുമ്പോള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മാറ്റിവെക്കണമെന്നും രാഷ്ട്രീയ നിറം ചാര്‍ത്തി വികസനങ്ങള്‍ കൊണ്ടു വരുന്ന രാഷ്ട്രീയത്തെ സമീപ ഭാവിയില്‍ ജനം പടിക്കുപുറത്തു നിര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണ പരാജയമായ പരപ്പനങ്ങാടി നഗരസഭ നൂതന പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കാന്‍ ജനപ്രതിനിധികളുടെ സമവായ കൂട്ടായ്മയുണ്ടാക്കി പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം നേടിയെടുക്കാന്‍ ശ്രമിക്കണം. വല്യേട്ടന് മനോഭാവങ്ങള്‍ ജനകീയ വികസന പ്രക്രിയകള്‍ക്കു തടസമാകരുതെന്നും തുടര്‍ന്ന് സംസാരിച്ച ബിജെപി ജില്ലാ ട്രഷറര്‍ രാജീവ് മാസ്റ്റര്‍ പറഞ്ഞു.
കേന്ദ്ര പദ്ധതികളോട് വിമുഖത കാണിക്കുന്നവര്‍ ജനവഞ്ചനയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓവര്‍ ബ്രിഡ്ജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. പാലക്കല്‍ ജഗന്നിവാസന്‍, ഗീതാ മാധവന്, എം.രാജലക്ഷ്മി, കെ.പി.വല്‍സരാജ്, ജയദേവന് സി, കാട്ടില്‍ ഉണ്ണികൃഷ്ണന്, ഷൈജു പരപ്പനങ്ങാടി, കൗണ്‍സിലര്‍മാരായ തറയില്‍ ശ്രീധരന്, ഉഷ പാലക്കല്‍, പി.വി തുളസിദാസ്, അംബിക മോഹന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: