തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയ തമിഴ് സംഘത്തിന് പന്ത്രണ്ട് വര്‍ഷം കഠിനതടവും രണ്ടായിരം രൂപ പിഴയടക്കാനും ഒന്നാം അഡീഷണല്‍ ജില്ലാകോടതി ശിക്ഷിച്ചു. തമിഴ്നാട് തേനിയില്‍ തിരുവള്ളൂര്‍ കോളനിയിലെ മണികണ്ഠന് (28), മൂര്‍ത്തി (22), കാട്ടുകുച്ചന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ ഒളിവിലാണ്. അഞ്ചുവര്‍ഷത്തെ കഠിനതടവും ആയിരം രൂപ പിഴയും അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിനതടവും ഐപിസി 397 വകുപ്പില്‍ ഏഴുവര്‍ഷത്തെ കഠിനതടവും ആയിരം രൂപ പിഴയും അടക്കണം. ഒന്നാം അഡീഷണല്‍ ജില്ലാജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടനാണ് ശിക്ഷ വിധിച്ചത്.
ചാലക്കുടി വി.ആര്.പുരത്ത് വില്‍സിയും മക്കളും കുടുംബമായി താമസിക്കുന്ന വീട്ടിലേക്കാണ് 2012 ജൂണ്‍ ഒന്നിന് അഞ്ചംഗ തമിഴ്സംഘം അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയത്. ഇവരിലൊരാള്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരിയായ മകളെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ വില്സിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ പിടിച്ചുവാങ്ങുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന മറ്റു രണ്ടുകുട്ടികള്‍ ഉണര്‍ന്നപ്പോള്‍ സംഘാംഗങ്ങള്‍ കസേരകൊണ്ട് അവരെ അടിക്കുകയായിരുന്നു. ബഹളംകേട്ട് അടുത്തവീട്ടില്‍ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളര്‍ എത്തുമ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചാലക്കുടി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.രണേന്ദ്രനാഥനും അഡ്വ. പി.എന്‍.സുരേഷ് മാപ്രാണം, ഷിജു എം.പി, ഫിജോ ജോസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: