നിലമ്പൂര്‍: വിഭാഗീയത അതിരൂക്ഷമായ നിലമ്പൂരില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഒരുവിധത്തിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ സാധിച്ചത്. എന്നാല്‍ വീണ്ടും അതിരൂക്ഷമായ പ്രശ്നത്തിലേക്കാണ് മണ്ഡലത്തിലെ സിപിഎം പോകുന്നത്. പുതിയ എംഎല്‍എ പാര്‍ട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന ആരോപണം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതിനിടെയാണ് മുതിര്‍ന്ന നേതാവും നഗരസഭ പ്രതിപക്ഷനേതാവുമായ വേലുകുട്ടിക്കെതിരെ ഔദ്യോഗിക വിഭാഗം രംഗത്തെത്തിയത്. വേലുകുട്ടിയുടെ മകനെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഈ സംഭവം അതീവരഹസ്യമാക്കി വെച്ചെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഒരു വിഭാഗം നിയമനടപടിയുമായി രംഗത്തെത്തിയതോടെ സംഭവം അങ്ങാടിപ്പാട്ടിയിരിക്കുകയാണ്.
പഴയ കോണ്‍ഗ്രസുകാരനായിരുന്ന നിലവിലെ സിപിഎം എല്‍എല്‍എ കോണ്‍ഗ്രസിന്റെ ശൈലി തന്നെയാണ് പിന്തുടരുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മുമ്പ് ഏരിയകമ്മറ്റിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വേലുകുട്ടി ഇപ്പോള്‍ എംഎല്‍എയുടെ സ്വതന്ത്രനിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതാണ് ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടി അറിയാതെ എംഎല്‍എ നടത്തുന്ന വന്മാന്ഷോകളില് വേലുകുട്ടിയും നിറസാന്നിധ്യമാണ്. ഇതിന്റെ പ്രതികാര നടപടിയായിട്ടണ് ഇദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിച്ചതെന്നാണ് വേലുകുട്ടി വിഭാഗത്തിന്റെ ആരോപണം.
ഡിവൈഎഫ്ഐ നേതാവാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഒത്താശയോടെ വേലുകുട്ടിയുടെ മകനെ മര്‍ദ്ദിച്ചതെന്ന് വ്യക്തമാണ്. വേലുകുട്ടിയുടെ മകന് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നേതാവിനെ സിപിഎം ഔദ്യോഗിക വിഭാഗം ആശുപത്രിയില്‍ അഡ്മിറ്റാക്കി. വേലുകുട്ടി പരാതിയൊന്നും നല്‍കിയിരുന്നില്ലെങ്കിലും നിലമ്പൂര്‍ പോലീസ് നീതി കാട്ടിയത് വേലുകുട്ടിയുടെ മകനോടാണ്. എംഎല്‍എയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം.
എന്തായാലും പാര്‍ട്ടി രണ്ട് വഴിക്കും എംഎല്‍എ അദ്ദേഹത്തിന്റെ വഴിക്കുമാണ് സഞ്ചാരം. വിഭാഗീയത മൂലം സിപിഎമ്മില്‍ നിന്ന് അണികള്‍ കൂട്ടത്തോടെ ബിജെപിയിലും മറ്റ് പാര്‍ട്ടികളിലും ചേക്കേറുകയാണ്. ഏത് വിധത്തില്‍ നിലമ്പൂര്‍ വിഷയത്തെ സമീപിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: