തൃശൂര്‍: പടിഞ്ഞാറെകോട്ട പൂങ്കുന്നം റോഡില്‍ കേരളവര്‍മ്മ കോളേജിന് സമീപം വീണ്ടും റോഡപകടത്തില്‍ ജീവന് പൊലിഞ്ഞു. അയ്യന്തോള്‍ പുതൂര്‍ക്കര ഐക്യനഗര്‍ സ്വദേശി റിന്റോ (23) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച ഇതേസ്ഥലത്ത് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കൈപ്പറമ്പ് സ്വദേശി പ്രസാദ് എന്ന യുവാവ് മരണമടഞ്ഞിരുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മേയറും എഡിഎമ്മും മന്ത്രി സുനില്‍കുമാറും ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ബൈക്ക് കുഴിയില്‍പ്പെട്ട് ഉണ്ടായ അപകടത്തിലാണ് ഇന്നലെ യുവാവ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണങ്ങള് തുടര്‍ക്കഥയായിട്ടും റോഡ് നന്നാക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നിലപാടില്‍ ബിജെപി തൃശൂര്മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് എത്രയും പെട്ടെന്ന് നന്നാക്കിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി രഘുനാഥ് സി.മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: