സിബില
ഇരിങ്ങാലക്കുട: വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി എലിഞ്ഞിപ്ര പടിയത്ത് വീട്ടില്‍ ബാര്‍ബി എന്ന സിബില (25)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശത്ത് ഹോട്ടലില്‍ ജോലി ശരിയാക്കി തരമാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നും വിസയ്ക്ക് വേണ്ടി ഇവര്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായി പോലിസ് പറഞ്ഞു. പുല്ലൂര്‍ പുളിഞ്ചോട്ടില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പ്. ദുബായ്, അജ്മാന്, ബെഹ്റിന്‍ എന്നി സ്ഥലങ്ങളിലേയ്ക്ക് വിസ ശരിയാക്കി തരമാമെന്ന് പറഞ്ഞ് എഗ്രിമെന്റുണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. അമ്പത് പേരില്‍ നിന്നായി അരക്കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു. എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വിസ കൊടുക്കാതെ പലയിടങ്ങളില്‍ വീട് വാടകയ്ക്ക് എടുത്ത് ആഡംബര കാറുകളില്‍ ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു. കബളിക്കപ്പെട്ട നിരവധി ആളുകള്‍ ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പല സ്ഥലങ്ങളില്പ്പെട്ട നിരവധി പേരില്‍ നിന്നും സമാനമായ രീതിയില്‍ ഇവര്‍ പണം തട്ടിയെടുത്തതായി പോലിസ് കണ്ടെത്തി. പ്രതിയുടെ പക്കല്‍ നിന്ന് നിരവധി പാസ്പോര്‍ട്ടുകളും, ബയോഡാറ്റകളും പോലിസ് കണ്ടെടുത്തു. തട്ടിപ്പുനടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വില കൂടിയ ആഭരണങ്ങളും മേക്കപ്പ് സ്ഥാനങ്ങളും, ആഡംഭര കാറുകളുമായി മദ്രസ്, ബാംഗ്ലൂര്‍, കൊച്ചി എന്നി സ്ഥലങ്ങളില്‍ ആഡംബര ഹോട്ടലുകളിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
സിനിയര്‍ സിവില്‍ പോലിസ് ഓഫീസറായ അനീഷ് കുമാര്‍, സിവില്‍ പോലിസുകാരായ പ്രശാന്ത് കുമാര്‍, അഭിലാഷ് രാജന്, അനൂപ്, പ്രസിത്, സിറിയ എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് നിരവധി പരാതിക്കാര്‍ പോലിസ് സ്റ്റേഷനില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: