തൃശൂര്‍: ജില്ലയില്‍ നൂറുകണക്കിന് ഇടങ്ങളില്‍ നടന്ന പിതൃതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നു. നിളാതീരത്തും തീര്‍ത്ഥ സ്നാനഘട്ടങ്ങളിലും പുഴയോരങ്ങളിലും കടലോരങ്ങളിലും തീരദേശമേഖലകളിലും നടന്ന ചടങ്ങിന് പുലര്‍ച്ചെ മുതല്‍തന്നെ ആളുകള്‍ ബലിതര്‍പ്പണം നടത്തുവാന്‍ എത്തിയിരുന്നു. തിരുവില്വാമല പാമ്പാടി ഭാരതഖണ്ഡത്തില്‍ ആയിരക്കണക്കിനാളുകളാണ് ബലിതര്‍പ്പണത്തിനായി എത്തിയത്. ഐവര്‍മഠം ക്ഷേത്രപരിസരത്ത് പുലര്‍ച്ചെ മൂന്നുമണിമുതല്തന്നെ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിച്ചു. പരികര്‍മ്മികള്‍ ചൊല്ലിക്കൊടുത്ത മന്ത്രാക്ഷരങ്ങള്‍ അവര്‍ ഏറ്റുചൊല്ലി. പഞ്ചായത്ത് നിര്‍മ്മിച്ച ബലിതര്‍പ്പണ കടവിലും ചടങ്ങുകള്‍ ഉണ്ടായിരുന്നു. ബ്രാഹ്മണസഭ ഐവര്‍മഠം ക്ഷേത്രട്രസ്റ്റ്, കൃഷ്ണപ്രസാദ് വാര്യര്‍, രമേശ് കോരപ്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വിശ്വഹിന്ദുപരിഷത്ത് തോട്ടുംപള്ള ശാഖ, പഴയന്നൂര്‍ എസ്എന്‍ഡിപി ശാഖ എന്നിവയുടെ നേതൃത്വത്തിലാണ് ഗായത്രിപ്പുഴ തീരത്ത് ബലിതര്‍പ്പണം നടന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ജനങ്ങളെ അല്പം കുഴക്കി. ചേര്‍പ്പ്, ആറാട്ടുപുഴ മന്ദാരക്കടവില്‍ പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. വല്ലച്ചിറ ഉണ്ണികൃഷ്ണന് ഇളയത്, മാപ്രാണം സുരേഷ് ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം ശാന്തിമാര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മന്ദാരക്കടവ് ശിവരാത്രികമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. വെളപ്പായ ശ്രീമഹാദേവക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് കുട്ടത്ത് ഭാസി പണിക്കത്ത്, മുരളീധരന് ചാത്തപ്പത്ത്, ജയന് പാണ്ടിയത്ത്, ബാലാജി, കുണ്ടോളി ഗോപാലന് എന്നിവര്‍ നേതൃത്വം നല്കി. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ കീഴ്തൃക്കോവില് ശിവക്ഷേത്രത്തിലും ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. നാരായണന് ശാന്തി നേതൃത്വം നല്കി. ക്ഷേത്രത്തില്‍ മഹാഗണപതിഹോമം, തിലഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു. ചാവക്കാട്, പഞ്ചവടി കടല്ത്തരത്ത് ജില്ലക്ക് പുറമെ നിന്നുള്ളവരും പിതൃതര്‍പ്പണത്തിനായി എത്തിയിരുന്നു. ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടുന്നതിനുള്ള സൗകര്യം അവിടെ ഏര്‍പ്പെടുത്തിയിരുന്നു. മേല്‍ശാന്തി സബിലാല്‍, ഷൈന്‍, അര്ജ്ജുനന് സ്വാമി, പാലപ്പെട്ടി ദിലീപ്കുമാര്, വാകയില്‍ സദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
കേച്ചേരി പിതൃതര്‍പ്പണത്തിന്റെ പുണ്യംതേടി മഴുവഞ്ചേരി മഹാദേവക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍തന്നെ ആയിരങ്ങളെത്തി. ഡോ.എന്‍.ഗോപാലകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ നാലുമണിക്കാരംഭിച്ച തര്‍പ്പണം 11 മണിക്കാണ് സമാപിച്ചത്. പതിനായിരത്തിലധികംപേര്‍ പങ്കെടുത്തു.വിശാലമായ നടപ്പന്തലിലും ഓഡിറ്റോറിയത്തിലുമായി പിതൃതര്‍പ്പണത്തിന്റെ ഉദ്ദേശങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടന്നത്. തിലഹോമം, മൃത്യുഞ്ജയഹോമം എന്നിവക്ക് രമണാചാര്യ, ക്ഷേത്രം മേല്‍ശാന്തി പ്രദീപ് ഭട്ടറായി, സൂരജ് ആദി, വി.കൃഷ്ണമൂര്‍ത്തി എന്നിവര്‍ ആചാര്യന്മാരായി. നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ഹരിദാസന്‍പിള്ള, വിദ്യാവിഹാര്‍ പ്രിന്‍സിപ്പാള്‍ കെ.കനകവല്ലി, ടി.ശിവരാമന്, ഗോപാലകൃഷ്ണന് പരപ്പനങ്ങാടി, ബാബുരാജ് കേച്ചേരി, ഹരി കാട്ടാനി, ഇന്ദിരാദേവി പി.ബി., വി.കെ.നന്ദകുമാര്‍, സുഭാഷ് പുത്തൂര്‍, രഞ്ജിത്ത് മണലി എന്നിവര്‍ നേതൃത്വം നല്കി.
അന്നമനട മഹാദേവക്ഷേത്രത്തില്‍ ചാലക്കുടി പുഴതീരത്ത് നടന്ന ചടങ്ങില്‍ ആയിരങ്ങളെത്തി. മൂന്നിനാരംഭിച്ച ബലിതര്‍പ്പണം ഉച്ചയോടെയാണ് അവസാനിച്ചത്. പൂപ്പത്തി തന്‍കുളം മഹാദേവക്ഷേത്രത്തിലും ബലിതര്‍പ്പണചടങ്ങുകള്‍ ഉണ്ടായിരുന്നു.
നെല്ലായി: മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിയും തിലഹോമവും നടന്നു. നെല്ലായി ശ്രീ മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഓഗസ്റ്റ് രണ്ടാം തിയ്യതി കര്‍ക്കിടക വാവിനോടനുബന്ധിച്ച് രാവിലെ 5.45 മുതല്‍ ക്ഷേതക്കടവിലും ഊട്ടുപുരയിലുമായി പിതൃബലി നടുവത്തു മനക്കല് നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല് അനിയന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേതരത്തില്‍ തിളഹോമവും നടന്നു. നൂറു കണക്കിനാളുകള്‍ പിത്രുബളിയിലും തിളഹോമാത്തിലും പങ്കെടുത്തു. ഈ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ത്രികാള പൂജ , നിറമാല, ഭഗവതി സേവ എന്നിവയും നടന്നുവരുന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് ഹിന്ദു പുരാണ ക്വിസ് മത്സരവും നടക്കുന്നതാണ്.
ചാവക്കാട്: മണ്മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ഏറ്റവും ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന കര്‍ക്കിടക വാവ് ദിനമായ ഇന്നലെ പതിനായിരങ്ങളാണ് ബലി കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തില്‍ തിങ്ക ളാഴ്ച രാത്രി മുതല്‍ തന്നെ ആയിരങ്ങള്‍ എത്തി ചേര്‍ന്നിരുന്നു.പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങിയ ബലിതര്‍പ്പണം രാവിലെ ഒന്‍പത് വരെ നീണ്ടുനിന്നു.പതിനായിരങ്ങളാണ് പിതൃമോക്ഷത്തിനായി ബലികര്‍മ്മം നടത്തിയത്. ഭക്തരെ സ്വീകരിക്കുവാന്‍ വന്‍ ഒരുക്കങ്ങളാണ് ക്ഷേത്ര ഭാരവാഹികള്‍ ചെയ്തിരുന്നത്. വാ കടപ്പുറത്ത് പ്രത്യകം തയ്യാറാക്കിയ യജ്ഞശാലയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് ബലി കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള സൗകര്യമൊരുക്കിയിരുന്നു.
മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു.പുലര്‍ച്ചെ മൂന്നു മുതല്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശിവാനന്ദന് നേതൃത്വം നല്കി.
ദ്വാരക വിനായക തീരത്ത് പിതൃതര്‍പ്പണത്തിന് നൂറുകണക്കിന് പേര് എത്തിച്ചേര്‍ന്നു. ദ്വാരക സനാതന സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് രജീഷ് ശാന്തി മുഖ്യകാര്‍മ്മികത്വം നല്കി.
ഗുരുവായൂര്‍: കര്‍ക്കിടക വാവു ദിനത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ തിരുവെങ്കിടം ക്ഷേത്രത്തില്‍ ആയിരങ്ങള്‍ എത്തി. രാമകൃഷ്ണന് ഇളയത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഒരേ സമയം 500 പേര്‍ക്ക് ബലിയര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. ബലിയിടാന്‍ എത്തിയവര്‍ക്ക് പ്രഭാതഭക്ഷണവും നല്കി.
നെന്മിനി ബലരാമ ക്ഷേത്രത്തിലെ വിശാലമായ കുളക്കടവിന് സമീപമാണ് ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നത്.നൂറു കണക്കിന് ഭക്തര്‍ പിതൃതര്‍പ്പണം നടത്താന്‍ എത്തിയിരുന്നു.
ചാലക്കുടി: കര്‍ക്കിടക വാവു ബലിയുടെ പിതൃദര്‍പ്പണ പുണ്യം നുകര്‍ന്ന് ആയിരങ്ങള്‍ വിവിധ ആറാട്ടു കടവുകളിലും, ,ക്ഷേത്രങ്ങളിലും എത്തി ചേര്‍ന്നു രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും മറ്റും നടന്നു. . എല്ലായിടത്തും ബലി ദര്‍പ്പണത്തിനായി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം, അന്നനാട് കുടുങ്ങാപ്പുഴ ശിവക്ഷേത്രം കടവ്,ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവ്,ചാലക്കുടി ഗായത്രി ആശ്രമം,മുരിങ്ങൂര്‍ ശ്രീ രാമേശ്വരം മഹാദേവ ക്ഷേത്രം, എന്നിവിടങ്ങളിലും നടന്ന ബലി തര്‍പ്പണങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ചാവക്കാട് : പിതൃതര്‍പ്പണത്തിന് ഏറ്റവും ശ്രേഷ്ഠമായ കര്‍ക്കിടക വാവുബലിക്ക് പഞ്ചവടി കടപ്പുറത്ത് വന്‍ തിരക്ക്. പതിനായിരങ്ങളാണ് ബലിയിട്ടത്. എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മണി മുതല്‍ പഞ്ചവടി കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞവേദിയില്‍ പണ്ഡിത ശ്രേഷ്ഠന്മാരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ഒരേ സമയം ആയിരം പേര്‍ക്ക് ബലി കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത് .
തലേ ദിവസം രാത്രി എത്തുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണം, വിശ്രമ സൗകര്യം, വസ്ത്രങ്ങള്‍ സൂക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.ചുക്കു കാപ്പി വിതരണവും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്ര കമ്മറ്റി ഒരുക്കിയിരുന്നു. പിതൃതര്‍പ്പണ ചടങ്ങിനു ശേഷം ക്ഷേത്രത്തില്‍ തിലഹവനം, സായൂജ്യ പൂജ എന്നിവയും നടന്നു. മേല്‍ശാന്തി സബിലാല്‍, ശാന്തിമാരായ ഷൈന്‍, അര്ജുനന് സ്വാമി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ചാവക്കാട് സി ഐ സുരേഷ്, എസ് ഐ രമേഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ കര്‍ക്കടക വാവിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബലി കര്‍മ്മങ്ങള്‍ പുലര്‍ച്ചെ 3.30 മുതല്‍ ആരംഭിച്ച് രാവിലെ ഒന്‍പതിനാണ് സമാപിച്ചത്.മേല്‍ശാന്തി ശിവാനന്ദന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പാവറട്ടി: മുല്ലശേരി പറമ്പന്തളി മഹാദേവക്ഷേത്ര സന്നിധിയില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ബലിതര്‍പ്പണചടങ്ങുകള്‍ നടന്നത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അങ്കമാലി അജിത്ത് ശാന്തി മുഖ്യകാര്‍മ്മികനായി. ക്ഷേത്രത്തില്‍ പിതൃമോക്ഷപുണ്യത്തിനായി നടത്തിയ തിലഹോമ ചടങ്ങുകള്‍ക്ക് തന്ത്രി താമരപ്പിള്ളി കൃഷ്ണന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. തിരുനെല്ലൂര്‍ ശിവക്ഷേതര്ത്തിലും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ബലിതര്‍പ്പണം നടന്നു. ആയിരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത് തിലോദകം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: