ഇരിങ്ങാലക്കുട : ജാതിപേരുവിളിച്ചും ശാരീരികമായും മാനസികമായും പീഡനമേറ്റുവന്ന യുവതി ഡീസല്‍ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം പോലീസും രാഷ്ട്രീയക്കാരും ഒതുക്കി തീര്‍ക്കാനുള്ള ശ്രമം. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന്റെ 30 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. പുലയജാതിയില്‍പ്പെട്ട ആലേങ്ങാടന്‍ മുരളി ഭാര്യ സുജാത (38)യാണ് അപമാനം സഹിക്കാതെ തീക്കൊളുത്തി ആത്മഹത്യ ചെയ്തത്.
അയല്‍ക്കാരായ ഏര്‍വാടിക്കാരന്‍ വീട്ടില്‍ രാജു, ഭാര്യ റെജി, സഫല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇവര്‍ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും രാജുവിന്റെ ഭാര്യ റെജി സുജാതെയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഓടി രക്ഷപ്പെട്ട സുജാതയെ വീടുവരെ അടിക്കുവാന്‍ റെജി പിന്തുടര്ന്നു. ഇതില്‍ മനംനൊന്ത് സുജാത ആത്മഹത്യ ചെയ്യാന്‍പോകുകയാണെന്ന് പറഞ്ഞ് വീടിന്റെ അകത്തേക്ക് ഓടി കയറിയശേഷം വീട്ടിലുണ്ടായിരുന്ന ഡീസല്‍ ദേഹത്തൊഴിച്ച് രാജുവിന്റെ വീടിന്റെ മുറ്റത്തെത്തി തീക്കൊളുത്തുകയായിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ള രാജുവും കുടുംബവും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.
സംഭവത്തിനുശേഷം ഇവര്‍ മുങ്ങിയിരിക്കുകയാണ്. മരിച്ചത് ദളിത് യുവതിയായിരുന്നിട്ടുകൂടി പോലീസ് അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. തുടര്‍ന്ന് കെ.പി.എം.എസ് നേതാക്കള്‍ സ്റ്റേഷനില്‍ ചെന്ന് പ്രതിഷേധം അറിയിച്ചപ്പോള്‍ മാത്രമാണ് 2 പോലീസുകാര്‍ വന്ന് മൊഴിയെടുത്തത്.മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തിട്ടും പോലീസ് ആ വഴിക്കു തിരിഞ്ഞുനോക്കിയില്ല.
ആത്മഹത്യക്ക് കാരണക്കാരായ രാജു, ഭാര്യ റെജി, മകന് സഫല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ജാതിപേരുവിളിച്ചാക്ഷേപിക്കല്, വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവക്ക് വകുപ്പുകള്‍ ചുമത്തി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: