കല്‍പ്പറ്റ : ജില്ലയിലെത്തിയ മനുഷ്യാവകാശ കമ്മീഷന് അംഗം സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ജില്ലയിലെ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ ധരിപ്പിച്ചു. ആദിവാസി വിഭാഗങ്ങല്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് രാഷ്ട്രീയ ഇടപെടലുകളും മറ്റു വിധത്തിലുള്ള സമ്മര്‍ദ്ധങ്ങളും തടസ്സമാവുന്നുവെന്ന് ചില സംഘടനകള്‍ പരാതിപ്പെട്ടു.
കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിനാവശ്യമായ നടപടികളുണ്ടാവണമെന്ന ആവശ്യം ഉയര്‍ന്നു. കോളനികളിലെ അമിതമായ മദ്യ, ലഹരി ഉപയോഗം സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും മാനസിക സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്യുന്നുണ്ട്.
പലപ്പോഴും ആദിവാസി വിഭാഗങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നു. ശൈശവ വിവാഹത്തിന്റെ പേരില്‍ ആദിവാസി വിഭാഗങ്ങളെ മാത്രം വേട്ടയാടുന്ന പ്രവണത വര്‍ധിച്ച് വരുന്നതായും ചില സംഘടനകള്‍ ചൂകാട്ടി. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിന് തടസ്സമാവുന്നുണ്ട്. മദ്യ ഉപഭോഗത്തില്‍ നിന്ന് കോളനി വാസികളെ മോചിപ്പിക്കുന്നതിന് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഡിഅഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് നിര്ദേശവുമുണ്ടയി. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാരുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടപ്പം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന ആവശ്യവും ഉയര്‍ന്നു.
ഗോത്ര സാരഥി പദ്ധതി നിലനിര്‍ത്തണമെന്നും പാഠ പുസ്തകങ്ങളും യൂനിഫോമും സ്കൂള്‍ ആരംഭിച്ച ഉടന്‍ തന്നെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണം. ഓരോ പ്രദേശത്തേയും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികളല്ല ജില്ലയില്‍ നടപ്പാക്കുന്നത്. പലരുടെയും താല്പര്യ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ മുകളില്‍ നിന്ന് താഴെ തട്ടിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. അവിവാഹിത അമ്മമാര്‍ക്കുള്ള പെന്ഷന് 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വീട് നിര്മ്മാണത്തിനുള്ളസാമ്പത്തിക സഹായം അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. കോളനികളില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറി, എന്നിവ നിര്‍മ്മിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടു. പട്ടിക വിഭാഗക്കാര്‍ക്കായുള്ള പദ്ധതി നടത്തിപ്പിലും പരിശോധനയിലും കാര്യമായ മാറ്റം അനിവാര്യമാണന്നും കമ്മീഷന് മുമ്പാകെ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: