കല്‍പ്പറ്റ: കഴിഞ്ഞ മാസം 26ന് പുല്‍പ്പള്ളി കാപ്പിക്കുന്ന് പ്രദേശത്ത് കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പത്മനാഭന് എന്ന വിജയന് നിരപരാധിയാണെന്ന് ഭാര്യ ശ്യാമളയും മക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവദിവസം വിജയന് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
30-നാണ് പറമ്പില്‍ പുല്ലു വെട്ടുന്നതിനിടെ വിജയനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടികൊണ്ടുപോയത്. കെ.എസ്.ഇ.ബിയില്‍ വിജയനെതിരെ പരാതി ഉണ്ടെന്നും, വന്ന് ഒപ്പിട്ട് മടങ്ങാമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ കൊണ്ടുപോയത്. പിന്നീടാണ് കാട്ടാനയെ വെടിവെച്ച കേസില്‍ അറസ്റ്റ് ചെയ്തതായി അറിയുന്നത്. ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റം വിജയനുമേല്‍ കെട്ടിവെച്ചതെന്ന് ശ്യാമള പറഞ്ഞു. ആരൊക്കെയാണ് വനത്തില്‍ ശിക്കാറിനു പോകാറുള്ളത് എന്ന് സമീപവാസികളോട് ചോദിച്ചപ്പോള്‍ അവരാണ് വിജയന്റെ പേര് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയന് ശിക്കാറിന് പോയിരുന്നു.
19 വര്‍ഷം മുമ്പ് ലൈസന്‍സുള്ള തോക്കും കൈവശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തോക്ക് ഇല്ല. ശിക്കാറിനും പോകാറില്ല. കൃഷിയും കൂലിപ്പണിയുമാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗം. വിജയന് അറസ്റ്റിലായതോടെ കുടുംബം ദുരിതാവസ്ഥയിലാണ്. ബി.എസ്.സിക്കും, പ്ലസ് ടുവിനും കുട്ടികള്‍ കൂട്ടുകാരുടെ കളിയാക്കല്‍ ഭയന്ന് വിജയന് അറസ്റ്റിലായ ശേഷം സ്കൂളില്‍ പോയിട്ടില്ലെന്ന് ശ്യാമള പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതക്കരികില്‍ ആന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലും, പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലും പ്രതികളെ പിടികൂടാനാവാതെ വനംവകുപ്പ് സമ്മര്‍ദത്തിലായിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാകാത്തതിനാലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളുടെമേല്‍ കുറ്റം ചാര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
കള്ളകേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും, വനംവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ശ്യാമളയും മക്കളും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: