സുരേഷ് മല്ലശ്ശേരി
കോന്നി: ടൂറിസം രംഗത്ത് ശ്രദ്ധേയമായ ഗവിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം പുറം ലോകം അറിയുന്നില്ല. ഒരു പക്ഷെ അത് ആരും അറിയരുതെന്ന കടുത്ത തീരുമാനത്തിലാണ് അധികാരികള്‍ എന്നുവേണം കരുതാന്‍.കാരണം അത്രത്തോളം നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് ഗവിയിലെ തൊഴിലാളികളോട് കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് നടപ്പാക്കുന്നത്. വന്യമൃഗങ്ങളാല്‍ നിറഞ്ഞ വനത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന ഗവിയിലെ തോട്ടം തെഴിലാളികള്‍ കുടിയിറക്ക് ഭീഷണിയിലാണ് ഇന്ന്. വര്‍ഷങ്ങളായി തങ്ങള്‍ താമസിച്ച,തങ്ങള്‍ പണിചെയ്ത് എല്ല് വെള്ളമാക്കിയ ഭൂമി തങ്ങള്‍ക്ക് നഷ്ടമാകാന്‍ പോകുന്നു.പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഗവി എന്നതാണ് വാദം.
കൊച്ചുപമ്പ, മീനാര്‍,ഗവി എന്നിവിടങ്ങളിലായി 250 ല്‍ പരം കുടുംബങ്ങളാണ് ഉള്ളത്.1997,99 കാലഘട്ടത്തില്‍ ഇവിടെ എത്തിയതാണ് ഇവര്‍.കെഎഫ്ഡിസിയുടെ കമ്പനിയിലെ തൊഴിലാളികളായ ഈ പാവങ്ങള്‍ക്കായി മാറിമാറിവന്ന ഇടത്,വലത് സര്‍ക്കാരുകള്‍ മുതല കണ്ണീര് ഒഴുക്കിയതല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇടിഞ്ഞ്പൊളിഞ്ഞ് നിലം പൊത്താറായ തൊഴിലാളി ലയങ്ങള്‍.കൂരവെയ്ക്കാന്‍ ഒരുസെന്റ് ഭൂമിപോലുംസ്വന്തമായില്ലാത്ത അവസ്ഥ. രോഗം വന്നാല്‍ പോകാന്‍ ഒരു പ്രാഥമീകാരോഗ്യകേന്ദ്രമില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കൂളില്ല. ഒള്ള സ്കൂളില്‍ എത്താന്‍ വാഹന സൗകര്യമില്ല.നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ 35 കിലോമീറ്ററോളം യാത്രചെയ്യേണ്ട ഗതികേട്.ഇതൊക്കെയാണ് തൊഴിലാളികളെ മുന്‍പ് അലട്ടിയ പ്രശ്നമെങ്കില്‍ അതിലും ഗുരുതരമായ സ്ഥിതിയിലാണ് ഇപ്പോള്‍ തൊളിലാളികള്‍.കോര്‍പ്പറേഷന്റെ കുടിയിറക്ക് ഭീഷണി പലരൂപത്തില്‍ ഇവരെ തേടിയെത്തുന്നു.
തൊഴില്‍ അവകാശങ്ങള്‍ വേണ്ടുവോളം നേടിയെടുത്ത കേരളത്തില്‍ കെഎഫ്ഡിസിയുടെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് സ്വന്തം അവകാശങ്ങള്‍ ചോദിക്കാനുള്ള ധൈര്യം ചോര്‍ന്ന് പോയ അവസ്ഥയിലാണ്.അവകാശങ്ങള്‍ ചോദിച്ചാല്‍ കള്ളകേസുകളില്‍ കുടുക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.ആശ്രിത നിയമനം നടപ്പാക്കാന്‍ ശ്രമിക്കാതെ തൊളിലാളികളുടെ ഗ്രാറ്റിവിറ്റി തടഞ്ഞുവെയ്ക്കുന്നു.കഴിഞ്ഞ ഗവണ്മെന്റിലെ റവന്യു മന്ത്രി കോന്നി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നിട്ടും പുനരധിവാസ പാക്കേജെന്ന ഇവരുടെ ആവശ്യത്തിന് മുന്പില് പുറംതിരിഞ്ഞാണ് നിന്നത്.നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം എത്തിയ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുന്പില് തൊളിലാളികള്‍ തങ്ങളുടെ ആവലാതികള്‍ നിരത്തിയിരുന്നു.ഇതിന് പ്രകാരം ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍,മണ്ഡലം പ്രസിഡന്റ് ജി.മനോജ്,ജനറല്‍ സെക്രട്ടറിമാരായ സി.കെ. നന്ദകുമാര്‍, പി.വി.ബോസ് എന്നിവര്‍ ഗവിയിലെത്തി തൊളിലാളികളെ നേരില്‍ കണ്ട് ഇവരുടെ ജീവിത പ്രയാസങ്ങള്‍ മനസിലാക്കി. നഗ്നമായ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും നടക്കുന്നതായി സംഘം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: