പുളി ഉടക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍
വളക്കൂറുള്ള കുട്ടനാടന്‍ മണ്ണില്‍ വളരുന്ന പുളിമരത്തിന്റെ കായ്ഫലമായ പുളിക്ക് പ്രിയമേറുന്നു. മൃദുവും സ്വാദും ക്ഷാരഗുണമുള്ളതുമാണ് കുട്ടനാടന്‍ കുടംപുളി. ജലം വലിച്ചെടുക്കാന്‍ സൗകര്യമുള്ള പ്രദേശങ്ങളിലാണ് പുളിമരം കാണുന്നത്. ചൂട് കാലത്താണ് പുളിമരങ്ങള്‍ പൂക്കുന്നത്. ഇത്തവണ കുഭം ,മീനം മാസങ്ങളിലാണ് മരങ്ങള്‍ പൂത്തത്. ചൂട് കനത്തത് കാരണം കായ്കളാകേണ്ട പൂക്കള്‍ പലതും നഷ്ടപ്പെട്ടു.
അതുകൊണ്ട് ഇത്തവണ പുളിക്ക് വില കൂടാന്‍ സാധ്യത ഉണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പായിലും ചാക്കിലും ഓലക്കീറുകളിലുമായിട്ടാണ് പുളികള്‍ ഉണക്കുന്നത്. മിക്ക വീട്ടുകാരും പുളി വില്‍ക്കാറില്ല. പഴുത്ത് താഴെ വീഴുന്ന പുളികള്‍ ഉടച്ച് കുരു വെളിയിലെടുത്ത് വൃത്തിയായി കഴുകിയാണ് ഉണക്കുന്നത്. റോഡുകളിലും വീടിന്റെ ടെറസ്സുകളിലും വീടിന്റെ മുറ്റത്തും സൂര്യന്റെ ചൂടിനെ ആശ്രയിച്ചാണ് ഉണക്കുന്നത്. ഇങ്ങനെ ഉണക്കുന്ന പുളിക്ക് കേടുവരാതെ എത്ര വര്‍ഷം വേണമെങ്കിലും ഇരിക്കും. ഇങ്ങനെയുള്ള പുളി മൃദുവായിരിക്കും.
റോഡരികില്‍ പുളി ഉണക്കുന്നു
പുളിക്ക് രുചിയുമുണ്ടാകും. പഴകും തോറും രുചി കൂടും എന്നാണ് പഴമക്കാര്‍ പറയുന്നത്. മഴക്കാലമായാല്‍ പുളി ഉണക്കുന്നതിന് വീടുകളിലോ ഷെഡ്ഡുകളിലോ പ്രത്യേക ചേരുകള്‍ കെട്ടി പുക കൊടുത്താണ് ഉണക്കുന്നത്. പുളി അളിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെചെയ്യുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം കുടം പുളികള്‍ എത്താറുണ്ടെങ്കിലും കുട്ടനാടന്‍ പുളിക്കാണ് പ്രിയം. പുളിക്ക് കുടത്തിന്റെ ആകൃതി ആയതിനാല്‍ കുടംപുളിയെന്നും തോടിന്റെ തീരങ്ങളില്‍ വളരുന്നതിനാല്‍ തോട്ടുപുളിയൈന്നും ഇതിനു പേരുണ്ട്.
കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കിഴക്കന്‍ ജില്ലകളിലുമാണ് കുടംപുളി കൂടുതലായി ഉപയോഗിക്കുന്നത്. മീന്‍ കറിയിലാണ് പ്രധാനമായും കുടംപുളി ഉപയോഗിക്കുന്നതെങ്കിലൂം പനിക്കുള്ള മരുന്നായി കരിപ്പെട്ടി, തുളസിയില, പനിക്കൂര്‍ക്ക, കുടംപുളി എന്നിവയുമിട്ട കഷായവും മുളകോഷ്യം എന്ന വിഭവത്തിലും കുടംപുളി ഉപയോഗിക്കാറുണ്ട്.
ഒരു മഴക്കാല വിളവെന്ന് വിശേഷിപ്പിക്കാവുന്ന പുളിയുടെ വ്യാജനും സുലഭമായി ലഭിക്കാറുണ്ട്. പുളിമരം ഒന്നടങ്കം വിലയ്ക്ക് വാങ്ങി കായ്ഫലം എടുക്കുന്നവരും സജീവമാണ്. ഇക്കൂട്ടര്‍ പറിച്ചെടുക്കുന്ന പുളികളെ പഴുത്തതും പച്ചയുമായി തിരിയും. പഴുത്ത പുളി ഉടച്ച് ഉണക്കിയാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ പച്ചപ്പുളി രണ്ടായി പിളര്‍ന്ന് ചേരില്‍ നിരത്തി ടാര്‍,സൈക്കിള്‍ ടയര്‍ എന്നിവയുടെ പുക കൊണ്ടാണ് ഉണക്കുന്നത്.
പുളി ചേരിലുണക്കുന്നു
ഇത് ആരോഗ്യത്തിനു ഹാനികരമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നവരുടെ ലഗേജുകളിലെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ് കുടംപുളി . വാളംപുളിയുടെ കുരുസംസ്കരിച്ച് കാലിത്തീറ്റ ആക്കാറുണ്ടെങ്കിലും കുടംപുളിയുടെ കുരു കുഴിച്ചിടാറാണ് പതിവ്. ഇതിന്റെ പുളിപ്പ് സമീപത്തുള്ള വൃക്ഷലതാദികള്‍ക്ക് ഹാനികരവുമാണ്. സീസണ് ആയതിനാല്‍ കിലോക്ക് 225 രൂപ വരെയാണ് ഇപ്പോള്വിലയുള്ളത്.
സീസണ് കഴിയുന്നതോടെ 400 രൂപ വരെ ആകാനും സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ പുളി സംഭരിച്ച് കുട്ടനാടന്‍ ബ്രാന്‍ഡായി വിപണികളില്‍ എത്തിച്ചാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗവുമാകും. ഉപഭോക്താക്കള്‍ക്ക് അമിതമായി വില നല്കേണ്ടതായും വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: