ഒറ്റപ്പാലം: മഴക്കുറവുമൂലം നെല്ലറയില്‍ വീണ്ടും കര്‍ഷകരുടെ കണ്ണീര് പെയ്യുന്നു. ഒന്നാംവിളയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മഴക്കുറവ് ഏറെ ബാധിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ്. മതിയായ രീതിയില്‍ നനവ് ലഭിക്കാത്തപക്ഷം കൃഷിനാശം ഉറപ്പാണ്.
ജില്ലയില്‍ പെയ്ത മഴ തീരെ കുറവല്ലെങ്കിലും ശരാശരിയേക്കാള്‍ കുറവാണ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം 2016 ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 40 വരെ 862.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 728.3 മീല്ലിമീറ്റര്‍ മഴയേ പെയ്യുകയുണ്ടായുള്ളു. മലമ്പുഴ അണക്കെട്ടില്‍നിന്നും വെള്ളം ലഭ്യമാക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ കൃഷിയിടങ്ങളിലുള്ളത്.
വരുംദിവസങ്ങളില്‍ മഴ ലഭിക്കാത്തപക്ഷം ഇത് നെല്‍കൃഷിയുടെ നിലനില്പുതന്നെ ദോഷകരമാക്കും. ഇങ്ങനെ വന്നാല്‍ ഒന്നാംവിളയും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കും. ഓലകരിച്ചില്രോഗവും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം പല കൃഷിയിടങ്ങളും പ്രതിസന്ധിയിലാണ്. നെല്‍ചെടികളെല്ലാം താഴേയ്ക്കു തൂങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.
സെപ്റ്റംബറിലാണ് ഒന്നാംവിള കൊയ്ത്തുനടക്കേണ്ടത്. എന്നാല്‍ മഴ കൃത്യമായി ലഭിക്കാത്തപക്ഷം ഇത് രണ്ടാംവിളയേയും ബാധിക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല കൃഷിക്ക് പ്രധാനമായും ആശ്രയിക്കുന്നത് കുളങ്ങളിലെ വെള്ളത്തെയാണ്. ഇത്തവണ കുളം, കൊക്കര്‍ണികള്‍, ജലാശയങ്ങള്‍ എന്നിവയൊന്നും നിറഞ്ഞിട്ടില്ല.
ഇതിനു പുറമേ മഴക്കുറവുമൂലം പാടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്താനും കഴിയുന്നില്ല. കൃഷിചെലവ് കൂടുതലും ഉത്പാദനം കുറവും എന്ന സാഹചര്യമാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. നെല്‍കൃഷി നഷ്ടത്തിലാണെങ്കിലും ഒരു അനുഷ്ഠാനം കണക്കേ ലാഭനഷ്ടങ്ങള്‍ നോക്കാതെ കൃഷി നടത്തുന്ന കര്‍ഷകര്‍ ഓരോവര്‍ഷവും വന്‍പ്രതിസന്ധിയിലേക്കാണ് ചെന്നെത്തുന്നത്.മിക്കവരും കടംവാങ്ങിയാണ് കാര്‍ഷികവൃത്തി നടത്തുന്നത്. ചിലര്‍ പലിശയ്ക്കു പണം കടംവാങ്ങി കൃഷിചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍മൂലം കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിച്ച് തരിശിടുന്ന സാഹചര്യവും വ്യാപകമാണ്. ഒന്നാംവിള ഉണക്കഭീഷണി നേരിടുമ്പോള്‍ കര്‍ഷകഹൃദയങ്ങളില്‍ തീയെരിയുകയാണ്. ഓരോ വിളവെടുപ്പുകളും കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: