തിരൂര്‍: വിവാദമായ കാരത്തൂര് ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് തിരൂര്‍ സി.ഐ: റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തിരൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ തുടരും. കേസ് നടന്നു കൊണ്ടിരിക്കെ ഒരു പ്രതി കോടതി നടപടികള്‍ക്കെതിരെ ആക്ഷേപമുന്നയിച്ച് മഞ്ചേരി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. അന്നത്തെ ന്യായാധിപനില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നായിരുന്നു പരാതി.ഇതിനെത്തുടര്‍ന്ന് കേസിന്റെ വിചാരണ സ്റ്റേ ചെയ്തു. കഴിഞ്ഞ ദിവസം വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ പുനരാരംഭിക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 65 സാക്ഷികളുണ്ട്. ഇതില്‍ ഭൂരിഭാഗം സാക്ഷികളെയും നേരത്തെ വിചാരണ ചെയ്തിരുന്നു.
2008ലാണ് കേസിനാസ്പദമായ സംഭവം, തെക്കന്‍ കുറ്റൂര്‍ സ്വദേശി കറുവക്കോട്ടില്‍ പരമേശ്വരന് കാരത്തൂരില്‍ നടത്തിവന്നിരുന്ന ബാങ്കിലാണ് കൊള്ള നടന്നത്. മൂന്ന് കോടിയോളം വിലവരുന്ന പണയ സ്വര്‍ണ്ണ ഉരുപ്പടികളുമായി കാറില്‍ പരമേശ്വരന് വീട്ടിലേക്ക് പോകുമ്പോള്‍ മാരുതി ഒമ്നി വാനിലെത്തിയ കൊള്ളസംഘം കാര്തടഞ്ഞു നിര്‍ത്തി. പരമേശ്വരനെയും കാറിലുണ്ടായിരുന്ന ബന്ധുവിനേയും വലിച്ചു താഴെയിട്ട് കാറുമായി കടന്നു കളയുകയായിരുന്നു. പട്ടാപകല്നടന്ന കൊള്ളക്ക് നിരവധിയാളുകള്‍ സാക്ഷികളായിരുന്നു. കാര്‍ തിരൂരില്‍ ഉപേക്ഷിച്ച സംഘം സ്വര്‍ണ്ണവുമായി രക്ഷപ്പെട്ടു. വാനിന്റെ പിറകിലെ ഗ്ലാസില്‍ ഗണപതിയുടെ സ്റ്റിക്കര്‍ പതിച്ചിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴി നിര്‍ണ്ണായകമായി. മണിക്കൂറുകള്‍ക്കകം സമീപ ജില്ലകളില്‍ അടക്കമുള്ള പോലീസുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ചാവക്കാട് വെച്ച് കാര്‍ കസ്റ്റഡിയിലെടുത്തു. വിദഗ്ദ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള പ്രതികളുടെ നീക്കങ്ങള്‍. പ്രധാന തൊണ്ടിമുതലുകളിലൊന്നായ മാ രുതി ഒമ്നി കോടതിയില്‍ നിന്നും വീണ്ടെടുത്തു.സ്റ്റിക്കര്‍ നീക്കം ചെയ്ത് പുഞ്ഞാര്‍ മേഖലയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിചാരണക്കിടയില്‍ വാഹനം തിരിച്ചെത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിട്ടില്ല. വാഹനം
കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. കേസ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും. തുടര്‍ന്ന് അവശേഷിക്കുന്ന സാക്ഷികള്‍ക്ക് സമന്‍സ് അയച്ച് വിചാരണ നടപടികള്‍ പുനരാരംഭിക്കും. ജബ്ബാര്‍ എന്ന റൊണോള്‍ഡോ ജബ്ബാര്‍, മനീഷ്, മുഹമ്മദ് ഷിബിന്‍, രാധാകൃഷ്ണന്, അഷറഫ് തുടങ്ങി 11 പേരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: