കൊല്ലങ്കോട്: തുറന്ന രീതിയില്‍ സൂക്ഷ്മ കൃഷിയില്‍ വിളയിച്ച പാവല്‍ വിളവെടുപ്പിന് തയ്യാറായപ്പോള്‍ നാരങ്ങാക്കളം സുരേഷ്കുമാറിനും കുടുംബത്തിനും മധുരം.
ഒരേക്കറില്‍ പാവല്‍ കൃഷിക്ക് മായ എന്ന സങ്കരയിനം വിത്താണ് ഉപയോഗിച്ചത്. കൃഷിവകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതികളുടെ ഭാഗമായി 30 മൈക്രോണ്‍ കനമുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പുതയിടല്‍ രീതി പരീക്ഷിച്ചിരുന്നു. ഇത് കളശല്യം കുറക്കുന്നതിന് സഹായിച്ചതായി സുരേഷ് പറഞ്ഞു. കൃത്യ അളവില്‍ വെള്ളവും വളവും ഉറപ്പുവരുത്താന്‍ ഫെര്ട്ടിഗേഷന് യൂണിറ്റും സ്ഥാപിച്ചു. വെള്ളത്തില്‍ ലയിക്കുന്ന മോണോ അമോണിയം ഫോസ്ഫേറ്റ്, കാത്സ്യംനൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്,മൈക്രോ ന്യൂട്രിയന്‍സ് എന്നീ വളങ്ങള്‍ നിശ്ചിത അളവില്‍ ചെടികള്‍ക്ക് നല്കി. നിലമൊരുക്കുന്ന സമയത്തുതന്നെ ഡോളോമൈറ്റും പത്ത് ട്രാക്ടര്‍ ചാണകവും അടിവളമായി നല്‍കിയിരുന്നു. സാധാരണരീതിയില്‍ ഒരേക്കര്‍ കൃഷിചെയ്യാന്‍ 40 തൊഴിലാളികള്‍ വേണ്ടിടത്ത് കൃത്യതാ കൃഷിരീതിയില്‍ തൊഴിലാളികളുടെ സഹായം വേണ്ടിവന്നിട്ടില്ല.
അമ്മ വത്സലയും മറ്റു കുടുംബാംഗങ്ങളുമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ചും ജൈവ കീടനാശിനികള്‍ ഉപയോഗിച്ചുമാണ് കീടനിയന്ത്രണം. വിത്തുപാകി 40 ദിവസത്തിനു ശേഷം വിളവെടുപ്പ് ആരംഭിച്ചു. ആഴ്ച്ചയില്‍ രണ്ട് തവണയാണ് വിളവെടുപ്പ്. 750 കിലോ മുതല്‍ ഒരു ടണ്ണോളം ഒരുവിളവെടുപ്പില് ലഭിക്കുന്നുണ്ടെന്ന് സുരേഷ് സന്തോഷത്തോടെ പറയുന്നു. മൂന്നുമാസം വരെ വിളവെടുപ്പ് തുടരും. കൊല്ലങ്കോട് കൃഷിഭവനിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഗുണകരമായി.
സഹകര്ഷകരായ ശിവകുമാര്‍, അബ്ദുള്‍ അസീസ്, സെയ്തുമുഹമ്മദ് എന്നിവരും ഇതേ രീതി പിന്തുടരുന്നു. ആറ് ഏക്കറിലായി ഇവിടെ മായ വിത്തിനമാണ് കൃഷിചെയ്യുന്നത്. ഏക്കറിന് അറുപതിനായിരം രൂപയാണ് ചിലവ്. വെള്ളനിറത്തിലുള്ള പാവയ്ക്കക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊല്ലങ്കോട്ടെ സ്വാശ്രയ കര്‍ഷക സമിതിയിലൂടെയാണ് വിപണനം. എറണാകുളം,ആലപ്പുഴ, തൊടുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. കിലോയ്ക്ക് 28രൂപ മുതല്‍ 40രൂപ വരെയാണ് വിപണി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: