കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന സമരസമിതിക്ക് പിന്തുണയുമായെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ജില്ലാപ്രസിഡണ്ട് എ.നാഗേഷ് എന്നിവര്‍ സമീപം.
തൃശൂര്‍: കാത്തുനിന്ന സമരസമിതി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഇടയിലേക്ക് ജനനായകന് കുമ്മനം രാജശേഖരന് എത്തുമ്പോള്‍ സമയം ഒരുമണി. തലേന്ന് രാത്രിമുതല്‍ സമരതീക്ഷ്ണതയില്‍ തുടരുന്ന സമരപ്പന്തലില്‍ അപ്പോഴും ആവേശത്തിന് ഒരുകുറവും ഉണ്ടായിരുന്നില്ല. മുദ്രാവാക്യം വിളികളോടെയാണ് ജനക്കൂട്ടം കുമ്മനത്തെ വരവേറ്റത്. നടത്തറ-വലക്കാവ് അനധികൃത ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം ഇതോടെ സംസ്ഥാന ശ്രദ്ധയിലേക്ക് ഉയരുകയാണ്. ജനങ്ങളുടെ അന്നവും വെള്ളവും മുട്ടിക്കുന്ന ക്വാറിമാഫിയക്കെതിരായ സമരം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അതിന് ബിജെപി എല്ലാപിന്തുണയും നല്‍കുമെന്നും കുമ്മനം സമരപ്പന്തലില്‍വെച്ച് പ്രഖ്യാപിച്ചു. നീണ്ടുനിന്ന കരഘോഷത്തോടെയും മുദ്രാവാക്യത്തോടെയുമാണ് ജനക്കൂട്ടം കുമ്മനത്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
കുമ്മനം എത്തുമ്പോള്‍ ആറുദിവസമായി നിരാഹാരം തുടരുന്ന മിനിമോളെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. പള്‍സ്റേറ്റ് താഴ്ന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തി. വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. മിനിമോളുമായി പത്തുമിനിറ്റുനേരം കുമ്മനം സംസാരിച്ചു. ക്വാറികളുടെ പ്രവര്‍ത്തനം മൂലം തങ്ങളുടെ കുടിവെള്ളംപോലും മലിനമാവുകയാണെന്നും ജീവിക്കാനുള്ള സാഹചര്യംപോലും ഇല്ലാതായെന്നും അവര്‍ കുമ്മനത്തോട് പറഞ്ഞു. സമരസമിതി പ്രവര്‍ത്തകരായ മറ്റുസ്ത്രീകളും പരാതികളുമായി കുമ്മനത്തിന് മുന്നിലെത്തി. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയക്ക് അനുകൂലമായ നിലപാടുകളാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ സമരവുമായി ഏതറ്റംവരെയും പോകുവാന്‍ തീരുമാനിച്ചാണ് തങ്ങള്‍ സമരരംഗത്തിറങ്ങിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചകുമ്മനം പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് കളക്ടറുടെ ചേംബറിന് മുന്നിലേക്ക് മാറ്റിയ നിരാഹാരസമരം ഇന്നലെ പുലര്‍ച്ചെയാണ് വീണ്ടും ഗേറ്റിന് സമീപമുള്ള സമരപ്പന്തലിലേക്ക് മാറ്റിയത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍ നാളെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി ചേംബറിന് മുന്നില്‍നിന്നും പിന്‍വലിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സെക്രട്ടറി ബി.ഗോപാലകൃഷ്ണന്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ്, ജില്ലാ മണ്ഡലം നേതാക്കളായ വിനോദ് പൊള്ളഞ്ചേരി, രഘുനാഥ് സി.മേനോന്, എം. അനന്തകൃഷ്ണന്, ഒല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് സുന്ദര്രാജന്, അനില്‍ പോലൂക്കര തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും കഴിഞ്ഞദിവസം രാത്രി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കളക്ടറുടെ ചേമ്പറിന് മുന്നില്‍ എത്തിയിരുന്നു. അതേസമയം ക്വാറിവിരുദ്ധ സമരത്തെച്ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. ക്വാറിമാഫിയക്ക് അനുകൂല നിലപാടാണ് സിപിഎം നേതൃത്വത്തിന്റേത്.
ഇത് പ്രദേശത്തെ സിപിഎം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രി വി.എസ്.സുനില്‍കുമാറും ഒല്ലൂര്‍ എംഎല്‍എ കെ.രാജനും ക്വാറി അടച്ചുപൂട്ടണമെന്ന നിലപാടിലാണെങ്കിലും നേതൃത്വത്തില്‍ ഒരുവിഭാഗം ഇതിനെ അനുകൂലിക്കുന്നില്ല. സിപിഐ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നടത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. അതേസമയം പ്രശ്നത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഒല്ലൂര്‍ എംഎല്‍എ കെ.രാജന് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ക്വാറിക്കെതിരെ ഒന്നും ചെയ്യാതിരുന്നവര്‍ ഈ രണ്ടുമാസത്തിനുള്ളില്‍ പ്രതികരണവുമായി വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ക്വാറികള്‍ അടച്ചുപൂട്ടണമെന്നാണ് തന്റെ നിലപാടെന്നും രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: