കാസര്‍കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച്മെന്റിലും ഡപ്യൂട്ടേഷനിലും സ്ഥലം മാറ്റുന്നത് ജില്ലയില്‍ രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമായിരിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി പ്രഭാകരന് കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രഭാകരന് കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന് അധ്യക്ഷത വഹിച്ചു. ഇതര ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെത്തിയാല്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ഉടന്‍ സ്ഥലം മാറിപ്പോവുകയാണ്. ശമ്പളം ഇവിടെയും സേവനം അവിടെയുമെന്ന സ്ഥിതിയുണ്ട്. ഈ തസ്തികകളില്‍ ഒഴിവുകള്‍ നികത്താനും സാധിക്കുന്നില്ല. ജില്ലയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ബജറ്റ് വിഹിതത്തില്‍ ലഭ്യമാകുന്ന തുകയ്ക്ക് അനുസൃതമായി പദ്ധതികള്‍ തയ്യാറാക്കുന്നതിനും വകുപ്പ് മേധാവികള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് നിര്‍ദേശം നല്കി. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ജാഗ്രതപാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയര്‍മാര്‍ വേഗത്തിലാക്കണം. കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണപ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: