പാലക്കാട്: സീഡ് അതോറിറ്റിയില്‍ നിന്ന് വിത്ത് സ്വീകരിച്ചാല്‍ മാത്രമെ സബ്സിഡിയുള്‍പ്പെടെയുളള കാര്‍ഷിക ആനുകൂല്യങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് ലഭ്യമാവുകയുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാണിച്ച് കെ.വി വിജയദാസ് എംഎല്‍എ ജില്ല വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിത്ത് ഗുണമേന്മ ഉറപ്പാക്കുന്നതായിരിക്കുമെന്നും അത്തരം വിത്തുകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതീ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കാട്ടുമൃഗങ്ങളുടെ ആക്രമത്തില്‍ നിന്ന് ജനങ്ങളേയും കാര്‍ഷികമേഖലയേയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള പ്രമേയത്തില്‍ മലയോരമേഖലയില്‍ നിന്ന് വ്യാപകമായി കാട്ടുമൃഗങ്ങള്‍ ഇറങ്ങി വന്ന് ജനങ്ങളെ ആക്രമിക്കുന്നത് തടയാന്‍ വൈദ്യുതി ഫെന്‍സിംഗ് , സോളാര്‍ ഫെന്‍സിംഗ്, എന്നിവ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. പ്രമേയം എന്‍ ഷംസുദ്ദീന് എം.എല്‍.എ പിന്താങ്ങി. ജില്ല കളക്ടര്‍ പി.മേരിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.
മലമ്പുഴ ചിറ്റൂര്‍ മേഖലയില്‍ പരിസ്ഥിതി പ്രശ്നത്തിന് ഇടയാക്കുംവിധം ജനവാസകേന്ദ്രങ്ങളില്‍ നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മൂഴിയെ വളര്‍ത്തുന്നത് പരിശോധനവിധേയമാക്കണമെന്നും ഇതുമൂലം മാലിന്യം കുമിഞ്ഞു കൂടുന്നതും തെരുവ്നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കെ.വി വിജയദാസ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പരിശോധന സംഘത്തെ രൂപീകരിക്കാനും പഞ്ചായത്ത് തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഡി.ഡി പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് അധികൃതരോട് ജില്ല കളക്ടര്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു.
കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പും ജല അതോറിറ്റിയും താഴേ തട്ടിലിറങ്ങി ഏകോപിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെ. കൃഷ്ണന് കുട്ടി എംഎല്‍എ യോഗത്തില്‍ പറഞ്ഞു. കൃത്യമായി വാട്ടര്‍ ബഡ്ജറ്റിംഗ് നടത്തി വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. പട്ടാഞ്ചേരി പഞ്ചായത്തിലെ കാട കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും നിര്‍മ്മിക്കാനിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ചെറുകിട ജലസേചന വകുപ്പ്, പൊതുമരാമത്ത് കെട്ടിട വകുപ്പ് അധികൃതര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പട്ടാമ്പി ടൗണിലെ തകര്‍ന്ന റോഡുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുഹമ്മദ് മുഹ്സിന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു, പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അദ്ദേഹത്തിന് ഉറപ്പ് നല്കി. പട്ടയം സംബന്ധിച്ച അപേക്ഷകളിലുളള തീര്‍പ്പാക്കല്‍, ഭവന നിര്‍മ്മാണത്തിനുളള കെ.എല്‍. യു, ഇതുസംബന്ധിച്ച് പഞ്ചായത്ത് തല കമ്മിറ്റിയിലുണ്ടാകുന്ന തീരുമാനം തുടങ്ങിയവയിലുളള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: