കൊളംബോ: പതിനേഴുവർഷത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് വിജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 106 റൺസിന്റെ തകർപ്പൻ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ വിജയിക്കാൻ 267 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയയെ ലങ്കൻ ബൗളർമാർ 161 റൺസിന് എറിഞ്ഞിട്ടു.
ആദ്യ ഇന്നിങ്‌സിൽ 117 റൺസിന് പുറത്താവുകയും 86 റൺസിന്റെ ലീഡ് വഴങ്ങുകയും ചെയ്തശേഷമാണ് സിംഹള പട അവിസ്മരണീയ വിജയം കൈവരിച്ചത്. സ്പിന്നർമാരായ ഹെറാത്തിന്റെയും സൻഡകനും ചേർന്നാണ് കംഗാരുക്കളെ കശക്കിയെറിഞ്ഞത്. ഹെറാത്ത് അഞ്ചും സൻഡകൻ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. ഓസീസ് നായകനെന്ന നിലയിൽ സ്റ്റീവൻ സ്മിത്തിന്റെ ആദ്യ പരാജയമാണിത്. രണ്ടാം ഇന്നിങ്‌സിൽ 176 റൺസുമായി ലങ്കയെ സുരക്ഷിത തീരത്തേക്ക് അടുപ്പിച്ച മധ്യനിര ബാറ്റ്‌സ്മാൻ കുശാൽ മെൻഡിസാണ് കളിയിലെ താരം.
അവസാനദിനമായ ഇന്നലെ 83ന് മൂന്ന് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 78 റൺസ് കൂടി കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. 55 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മിച്ചൽ മാർഷ് 25 റൺസുമെടുത്തു.
കളിയിൽ മറ്റൊരു റെേക്കാർഡിനുകൂടി പല്ലെക്കലെ മൈതാനം സാക്ഷ്യം വഹിച്ചു. മത്സരം സമനിലയിലാക്കാൻ ഓസീസ് പ്രധിരോധ കോട്ടകെട്ടിയപ്പോൾ തുടർച്ചയായ 154 പന്തുകളിൽ ഒരു റൺ പോലും പിറന്നില്ല. വാലറ്റത്ത് പീറ്റർ നെവിലും (115 പന്തിൽ 9) സ്റ്റീവ് ഒകീഫിയും (98 പന്തിൽ 4) കനത്ത പ്രതിരോധം തീർത്ത് സമനിലയിലാക്കാൻ ശ്രമിച്ചെങ്കിലും ധനഞ്ജയ ഡിസിൽവയും ഹെറാത്തും ഇരുവരെയും പുറത്താക്കി ടീമിന് ചരിത്രവിജയം സമ്മാനിച്ചു.
ഹെറാത്ത് 54 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സൻഡകൻ 49 റണ്ണിന് മൂന്നെണ്ണം സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഹെറാത്ത് രണ്ട് ഇന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകൾ പിഴുതു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച സൻഡകൻ 7 വിക്കറ്റുകളും നേടി. ആഗസ്റ്റ് നാലിന് ഗലെയിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: