വണ്ടിത്താവളം: ജില്ലയില്‍ നെല്‍ക്കൃഷിക്ക് ഭീഷണിയായി തുടരുന്ന അനധികൃത ഇഷ്ടിക ചൂളകള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ പരിധിയിലാക്കുന്നതുള്പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനുല്‍കുമാര്‍. നെല്‍വയലുകളുടെ ദുരുപയോഗം ഒരുതരത്തിലും അനുവദിക്കുന്നതല്ല. നെല്‍വയലുകള്‍ നശിച്ചതാണ് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ ഉള്‍പ്പെടെ രൂക്ഷമായ കുടിവെളളപ്രശ്നത്തിന് ഇടയാക്കിയത്. കൃഷിയില്‍ നെല്ലിന് കടുതല്‍ പ്രാധാന്യം കൊടുക്കും. കര്‍ഷകരോടുളള ആദരസൂചകമായി സര്‍ക്കാറിന്റെ ആദ്യ കര്‍ഷകദിനം ആചരിക്കാന്‍ പാലക്കാട് ജില്ലയെ തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. വണ്ടിത്താവളത്ത് കാര്‍ഷിക വികസന ക്ഷേമ വകുപ്പും, വിഎഫ്.പി,സി.കെയും പെരുമാട്ടി ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിക്കാനിരിക്കുന്ന കാര്‍ഷിക ഉത്പന്ന സംഭരണ മൂല്യവര്‍ദ്ധിത വിപണന സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ. എസ് ഹാളില്‍ നിര്‍വ്വഹി ക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സംഭരണ കുടിശ്ശിക തുക ഓണത്തിന് മുന്‍പ് തീര്‍ത്ത് നല്‍കും. കര്‍ഷകരില്‍ നിന്ന് നാളികേരങ്ങള്‍ പരമാവധി എണ്ണം സംഭരിക്കും. നാളികേര സംഭരണ കേന്ദ്രങ്ങള്‍ 382 ല്‍ നിന്ന് 500 എണ്ണത്തിലേക്ക് വ്യാപിപ്പിക്കും.ഇതു സംബന്ധിച്ച് നാഫെഡ്, മാര്‍ക്കറ്റ്ഫെഡ്, നാളികേര വികസന ബോര്‍ഡ് തുടങ്ങിയവമായി സജീവ ചര്‍ച്ച നടത്തി വരികയാണ്. രണ്ടുമാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും. കേരഫെഡിനെ പുനസംഘടിപ്പിച്ച് സിവില്‍ സപ്ലൈസ് വഴിയും റേഷന്‍ കടകള്‍ വഴിയും പരമാവധി അളവില്‍ വെളിച്ചെണ്ണ വിതരണം നടത്തും.
കൃഷിക്കാര്‍ വിളഞ്ഞതും ഗുണമേന്മ ഉറപ്പാക്കുന്നതുമായ നാളികേരങ്ങള്‍ തന്നെ നല്‍കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ കമ്പിനികളെ ശക്തിപ്പെടുത്തി നാളികേരത്തില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമെന്നും സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ തരിശായി കിടക്കുന്ന ഒരു ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ഏകോപിപ്പിച്ചുകൊണ്ട്, സഹകരണം, ജലസേചനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചുളള കൃഷിയിറക്കലാണ് നടപ്പാക്കുക. കര്‍ഷകര്‍ക്ക് പലിശരഹിതമായി മൂന്ന് ലക്ഷം വരെ വായ്പ നല്‍കുന്നത് സംബന്ധിച്ച് സഹകരണ വകുപ്പുമായി ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികവായ്പകള്‍ കര്ഷകരല്ലാത്തവര് ദുരുപയോഗം ചെയ്യുന്ന പ്രവണത തടയും. കാര്‍ഷിക മേഖലയിലെ ഗവേഷണം ഊര്‍ജ്ജിതമാക്കും. ഇതിനായി 500 സ്ഥലത്ത് അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിക്കും. കൃഷിഭവനുകളുടെ പ്രവര്‍ത്തനം അഗ്രോ ക്ലിനിക്ക് രീതിയിലാക്കണമെന്നും കൃഷി ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഓഫീസ് മുറിയില്‍ മാത്രം ഒതുങ്ങാത്ത വിധം കൂടുതല്‍ സജീവമാകണമെന്നും മന്ത്രി അറിയിച്ചു.
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വില്‍പ്പന ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന കാര്‍ഷിക ഉത്പന്ന സംഭരണ മൂല്യവര്‍ദ്ധിത വിപണന സമുച്ചയത്തില്‍ അന്താരാഷ്ട്രാ നിലവാരത്തിലുള്ള സൂക്ഷിപ്പ് സംവിധാനം ,ഗ്രേഡിംഗ്, പാക്കിംഗ്, എന്നിവ ഉള്‍പ്പെടുന്നു. പെരുമാട്ടി ഗ്രാമ പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി പദ്ധതി വിശദീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: