കാഞ്ഞങ്ങാട്: ആദിവാസികള്‍ക്കെന്താ സാറന്മാരെ ചികിത്സ വേണ്ടേ…ചോദിക്കുന്നത് കോടോം ബേളൂര്‍ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ അതിവസിക്കുന്ന പഞ്ചായത്താണ് കോടോം ബേളൂര്‍. ഇവരുടെ ഏക ആശ്രയമായ ആതുരാലയമാണ് എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം. കേള്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ആശ്വാസമാകുമെങ്കിലും ആശ്വസിക്കത്തക്ക ഒന്നും ആശുപത്രിയിലില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മെഡിക്കല്‍ ഓഫീസറും താല്‍ക്കാലിക ഡോക്ടറും ഉണ്ടായിരുന്ന ഇവിടെ ഇപ്പോഴുള്ളത് ഒരു താല്‍ക്കാലിക ഡോക്ടര്‍ മാത്രമാണ്. 2001 ല്‍ പഞ്ചായത്തും നാട്ടുകാരും സഹകരിച്ച് കിടത്തിചികിത്സക്കനുയോജ്യമായ കെട്ടിടം നിര്‍മ്മിച്ചിരുന്നെങ്കിലും തസ്തികകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചില്ല. കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആറുമാസത്തിനകം ജീവനക്കാരെ അനുവദിക്കുമെന്ന് പാവം ആദിവാസികളോടും നാട്ടുകാരോടും പറഞ്ഞത് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.
2009 ല്‍ ആശുപത്രി അപ്ഗ്രേഡ് ചെയ്തിരുന്നു. 2009ല്‍ സംസ്ഥാനത്ത് അപ്ഗ്രേഡ് ചെയ്ത പിഎച്ച്സികളില് മറ്റ് എല്ലാ ആശുപത്രികളിലും കിടത്തി ചികിത്സ ആരംഭിച്ചുകഴിഞ്ഞെങ്കിലും ആദിവാസി മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. നിത്യേന മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി 200 ഓളം രോഗികള്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നു. 2013 ല്‍ നാട്ടുകാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ഇവിടെ മെഡിക്കല്‍ ഓഫീസറേയും താല്കാലിക ഡോക്ടറേയും നിയമിച്ചത്. പിന്നീട് സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ ഡോക്ടര്‍ വന്നിട്ടില്ല. നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ ലീവെടുത്ത് ഉപരിപഠനത്തിന് പോയതോടെയാണ് നാട്ടുകാരുടെ ദുരിതം ആരംഭിക്കുന്നത്. ഡോക്ടര്‍മാരെയും ലാബ് ടെക്നീഷ്യനെയും നിയമിക്കണമെന്ന നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മെഡിക്കല്‍ ഓഫിസര്‍ക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കാനുള്ള അധികാരമുണ്ടെങ്കിലും ചെയ്യുന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെയും ലാബ് അസിസ്റ്റന്റിനെയും നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് നിവേദനം നല്‍കിയിരുന്നു. കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും പിഎച്ച്സിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നിഷ്യന്‍ തസ്തികകളില്‍ നിയമനം നടത്താത്തത് ഞങ്ങളോടുള്ള അവഗണനയാണെന്ന് ആദിവാസികള്‍ പറയുന്നു. ഇതും ഒരുതരം ദളിത് പീഡനമാണെന്നാണ് ഇവരുടെ പക്ഷം. മെഡിക്കല്‍ ഓഫീസര്‍ ഇല്ലാതായതോടെ 24 കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ആദിവാസികള്‍. എണ്ണപ്പാറ പിഎച്ച്സി ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: