പരപ്പനങ്ങാടി: കഴിഞ്ഞ നഗരസഭ യോഗത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്കും പോര്‍വിളിക്കും വഴിവെച്ച അര്‍ബന്‍ സബ് സെന്റര്‍ വിവാദത്തിന് വിരാമമിടാന്‍ പ്രത്യേക യോഗം ആഗസറ്റ് മൂന്നിന് ചേരും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ സബ് സെന്റര്‍ പാലത്തിങ്ങലില്‍ സ്ഥാപിക്കണമെന്ന് ഭരണപക്ഷവും കെടുങ്ങള് തീരദേശത്ത് സ്ഥാപിക്കണമെന്ന് പ്രതിപക്ഷവും വാദിക്കുന്നു. ഈ തര്‍ക്കം പരിഹരിക്കാനാണ് പ്രത്യേക യോഗം നഗരസഭ വിളിച്ചുചേര്‍ത്തത്. പിടിവലിക്കിടെ കേന്ദ്രം അനുവദിച്ച അര്‍ബന്‍ ഡിസ്പെന്‍സറി സാധാരണക്കാരന് നഷ്ടപ്പെടരുതെന്നും അതിനായി സര്‍വക്ഷിയോഗം വിളിക്കണമെന്നുമാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്.
അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള നഗരസഭകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സബ്സെന്ററുകളിലൊന്നാണ് പരപ്പനങ്ങാടിയില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പരപ്പനങ്ങാടിയിലെ ജനസംഖ്യ നിലവില്‍ 75000ത്തില്‍ എത്തിനില്‍ക്കുകയാണ്.
ചേരി പ്രദേശങ്ങള്‍, കോളനികള്‍, നിര്‍ധനരായ തൊഴിലാളികള്‍, നഗരവാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന സ്ഥലമാണ് സബ് സെന്ററിനായി തെരഞ്ഞെടുക്കേണ്ടത്. ഭരണപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് പാലത്തിങ്ങലില്‍ ഇത് സ്ഥാപിച്ചാല്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകയില്ല.
പാലത്തിങ്ങലില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്. ഉപ്പുന്നിപ്പുറം-അയോദ്ധ്യനഗര്‍ ഭാഗമാണ് സബ് സെന്ററിന് ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ സബ് സെന്റര്‍ കൊണ്ടുവരാന്‍ പക്ഷാഭേദമില്ലാതെ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നത്.
ഇരുപക്ഷവും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് സ്ഥാപിക്കാന്‍ വാശിപിടിക്കാതെ പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. കേവല ഭൂരിപക്ഷത്തിനാണ് പരപ്പനങ്ങാടിയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. പ്രമേയം വോട്ടിനിട്ടാല്‍ പരാജയപ്പെടുമെന്ന ഭയം ഇരുകൂട്ടര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: