ചേലക്കര: കുറുമല വനത്തിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള വൈദ്യുതി വേലിയില്‍ നിന്നും ആഘാതമേറ്റ് കാട്ടുപന്നി ചത്തു. മൂന്ന് വയസ്സ് പ്രായവും നാല്പത് കിലോ ഭാരവുമുള്ള ആണ്‍പന്നിയാണ് ചത്തത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാടിനുള്ളില്‍ സംസ്കരിച്ചു. കാട്ടുമൃഗങ്ങള്‍ ധാരാളമായെത്തുന്ന വഴികളില്‍ വൈദ്യുതിലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് വേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതില്‍ അകപ്പെടുന്ന വന്യജീവികള്‍ ചത്തുപോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ളൊരു വേലിയിലേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചിരുന്നു. വൈദ്യുതി വേലി സ്ഥാപിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്നുണ്ടെന്ന പരാതിയിന്മേല് വനപാലകര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശങ്കരനാരായണന്, മച്ചാട് സ്റ്റേഷന് റെയ്ഞ്ച് ഓഫീസര്‍ എം.കെ.രഞ്ജിത്ത്, എന്‍.ശശിചന്ദ്രന്, പി.വി.സതീഷ്, ഷാന്റി കെ.തോമസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: