കാസര്‍കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് കടത്ത് സംഘങ്ങള്‍ വ്യാപകമാകുന്നു. അന്യ സംസ്ഥാനത്ത് നിന്നുമെത്തിക്കുന്ന കഞ്ചാവ് ഗള്‍ഫ് നാടുകളിലേക്ക് കയറ്റി വിടുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ താവളമായി കാസര്‍കോട് മാറുകയാണ്. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയകള്‍ക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്നത് അന്തര്‍ സംസ്ഥാന സംഘങ്ങളാണെന്ന് പോലീസ് തന്നെ പറയുന്നു. ദുബൈയിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ ബെണ്ടിച്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എട്ട് പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം. ചന്ദ്രഗിരി ജംഗ്ഷനു സമീപത്തു വച്ച് മൂന്നര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രക്ഷപ്പെട്ട ചട്ടഞ്ചാല്‍, ബെണ്ടിച്ചാല്‍ സ്വദേശി ഉമര്‍ ഫാറൂഖ് വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ പോലീസ് വിദേശത്തേയ്ക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്കി. എരിയാല്‍ പാലത്തിനു സമീപത്തുവച്ച് കഞ്ചാവു കടത്തുന്നതിനിടയില്‍ പിടിയിലായ രണ്ടുപേരുടെ കൂട്ടാളിയായ ചൗക്കി സ്വദേശി രക്ഷപ്പെട്ടിരുന്നു. കുഡ്ലു ബാങ്കു പട്ടാപ്പകല്‍ കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാളാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായുള്ള തെരച്ചിലും ശക്തമായിട്ടുണ്ട്.
അഞ്ച് മാസം മുമ്പ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ബെണ്ടിച്ചാല്‍ സ്വദേശിയായ യുവാവിനെ കഞ്ചാവുമായി കസ്റ്റംസ് അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെണ്ടിച്ചാലിലെ ഒരു സംഘം ഗള്‍ഫിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്നതായുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഗള്‍ഫിലേക്ക് കഞ്ചാവ് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ബെണ്ടിച്ചാല്‍ സ്വദേശിയായ ഉമര്‍ ഫാറൂഖ് (29) ഉള്‍പെടെയുള്ള സംഘം പോലീസ് പിടിയിലായത്. എന്നാല്‍ സൂത്രധാരനായ ഉമര്‍ ഫാറൂഖ് പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉമര്‍ ഫാറൂഖ് മൂന്ന് തവണ അടുത്തടുത്ത ദിവസങ്ങളിലായി ദുബൈയിലേക്ക് പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫാറൂഖ് ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ബേക്കല്‍ സ്വദേശികളായ ചിലര്‍ക്കും കഞ്ചാവ് കടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ മുന്നാട് സ്വദേശി അസീസും (29) കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ വേരോടെ പിഴുതെറിയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പോലീസ് നടത്തി വരുന്നത്. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന് പിന്നാലെ കാസര്‍കോട്ട് രണ്ടംഗ സംഘവും കഴിഞ്ഞ ദിവസം കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ പിടിയിലായിരുന്നു. എല്ലാ സംഘത്തിനും പിന്നില്‍ ഒരു ‘ബോസ്’ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ‘ബോസ്’ ആരാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫിലും കഞ്ചാവ് മാഫിയ സംഘത്തിന് വലിയ വേരുകളുണ്ട്. ഉമര്‍ ഫാറൂഖ് പിടിയിലായാല്‍ ഒരുപക്ഷേ കഞ്ചാവ് കടത്ത് സംഘത്തിന്റെ ‘ബോസിനെ’ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്. രക്ഷപ്പെട്ട ഉമര്‍ ഫാറൂഖിന് വേണ്ടി വ്യാപകമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരെല്ലാം കഞ്ചാവ് കടത്തുന്നതിന്റെ ഇടനിലക്കാരാണെന്നാണ് സൂചന. ഗള്‍ഫിലേക്ക് കഞ്ചാവെത്തിച്ചു നല്കിയാല് വന്‍ തുകയാണ് കാരിയര്‍മാര്‍ക്ക് ലഭിക്കുന്നത്. സംഘത്തലവനു നിരവധി സിംകാര്ഡുകളുള്ളതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരാള്‍ക്കു മാത്രം 25ല്‍ അധികം സിം കാര്‍ഡുകള്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓരോ ദിവസവും ഓരോ കാര്‍ഡെന്ന നിലയിലാണ് ഉപയോഗിക്കുന്നത്. ഇതു സംഘത്തലവനെ കുടുക്കാന്‍ തടസ്സമാകുന്നുതായി പോലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു.
ജില്ലയും കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുമ്പ് വാഹന കവര്‍ച്ച നടത്തിയിരുന്നവരാണ് ഇപ്പോള്‍ ജില്ലയിലേയ്ക്ക് കഞ്ചാവു കടത്തുന്നവരില്‍ പ്രധാനികള്‍. ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നു സംഘം നേരിട്ടാണ് കഞ്ചാവ് ശേഖരിക്കുന്നത്. ഒരു കിലോയ്ക്കു കര്‍ഷകര്‍ക്കു 3000 രൂപ മുതല്‍ 3500 രൂപവരെ നല്കുന്നു. അവിടെനിന്നും കേരള അതിര്‍ത്തിയില്‍ എത്തിക്കുന്ന കഞ്ചാവ് കാസര്‍കോട്, ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണ സംഘത്തിനു കൈമാറുമ്പോള്‍ 24000 രൂപ വരെ ഈടാക്കുന്നു. കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ രംഗത്തു വരാതെയാണ് കഞ്ചാവു കൈമാറ്റം നടക്കുന്നത്. അതിനാലാണ് സൂത്രധാരനെ പിടിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ നിരവധി തവണ പരാജയപ്പെട്ടത്. ഇതോടെയാണ് കടത്തുകാരെ വലയില്‍ വീഴ്ത്താന്‍ പൊലീസ് പ്രത്യേക ഓപ്പറേഷന് പദ്ധതി തയ്യാറാക്കിയത്. വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലാണ് കഞ്ചാവ് അതിര്‍ത്തി കടന്നെത്തുന്നത്. രഹസ്യ കേന്ദ്രത്തിലെത്തിക്കുന്ന കഞ്ചാവിന്റെ ഓരോ പാക്കറ്റിലും 2 കിലോ വീതമാണ് ഉണ്ടാവുക. രഹസ്യ കേന്ദ്രത്തില്‍ വച്ച് 100, 50 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ആവശ്യക്കാരിലെത്തിക്കുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ യുവാക്കള്‍ തയ്യാറാകുന്നതാണ് കഞ്ചാവ് മാഫിയകളുടെ വിജയം.
അതിനിടെ കഴിഞ്ഞ ദിവസം കുവൈത്തില്‍ ലഹരി ഉല്‍പ്പന്നങ്ങളുമായി കാഞ്ഞങ്ങാട്ടെ യുവാവ് പോലീസ് പിടിയിലായിട്ടുണ്ട്. കുവൈത്തില്‍ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ യുവാവാണ് വാഹന പരിശോധനക്കിടെ ലഹരി വസ്തുക്കളുമായി കുവൈത്ത് പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് താമസ സ്ഥലത്ത നടത്തിയ പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കമരുന്ന് പിടികൂടിയത് ജില്ലയിലെ കഞ്ചാവ് സംഘങ്ങള്‍ക്ക് ഗള്‍ഫ് നാടുകളുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കുന്നതായി. ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് ഗള്‍ഫിലേക്ക് പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന കഞ്ചാവ് കൊടുത്ത് വിട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലെ കഞ്ചാവ് വ്യാപാരത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘം പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് കഞ്ചാവ് കടത്തലിലൂടെ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: