തിരുവില്വാമല: മധ്യകേരളത്തിലെ പ്രമുഖ ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നായ തിരുവില്വാമല ശ്രീരാമസ്വാമി ക്ഷേത്രവും അതിനോട് ബന്ധപ്പെട്ട പുനര്‍ജനി ഗുഹയും തകര്‍ച്ചാഭീഷണിയില്‍. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് വില്വാദ്രിനാഥക്ഷേത്രം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ സമീപപ്രദേശത്ത് യാതൊരു നിയന്ത്രണവുമില്ലാതെയാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടികളുമെടുത്തിട്ടില്ല. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനവും പൊടിശല്യവും സമീപവാസികളെയും ഭക്തജനങ്ങളെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. മാത്രമല്ല ഈ സ്ഫോടനം ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ പുനര്‍ജനി ഗുഹയുടേയും നിലനില്‍പ്പുതന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വനമേഖലക്ക് സമീപം താമസിക്കുന്നവരുടെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതിന് പുറമെ കരിങ്കല്‍ ചീളുകളും കല്ലും മണ്ണുംതെറിക്കുന്നതും നാട്ടുകാരില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്. ക്വാറികളും ക്രഷര്‍ യൂണിറ്റുകളും ഈ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തടയുവാന്‍ പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
വില്വാമല, പൂതമല, മൂരിക്കുന്ന്, പുനര്‍ജനി ഗുഹ തുടങ്ങി ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ സ്ഥലങ്ങളെല്ലാംതന്നെ അതിന്റെ പ്രാമുഖ്യം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിന് പുറമെ ടൗണിലും പരിസരത്തും പാറപ്പൊടിയും മെറ്റലുമായി പായുന്ന വാഹനങ്ങളും ജനത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: