പൊന്‍കുന്നം: പ്ലാച്ചേരിക്ക് സമീപം കരിമ്പനക്കുളത്ത് നക്ഷത്ര ആമയെന്ന് തെറ്റിദ്ധരിച്ച് കച്ചവടം നടത്താന്‍ ശ്രമിച്ചവരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി.
കരിമ്പനക്കുളം സ്വദേശി ടിറ്റി, ചുങ്കപ്പാറ സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ഇന്‍ഡ്യന്‍ ഫ്‌ളാപ് ഷെല്‍ഡ് ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന ആമയെയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. വലിപ്പവും പുറന്തോടില്‍ നേരിയ വ്യത്യാസവുമുള്ള ആമ അത്ഭുത ശക്തിയുള്ളതാണെന്ന തെറ്റിദ്ധാരണയില്‍ ഇരുവരും ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കരിമ്പനക്കുളത്ത് കോഴിക്കട നടത്തുന്ന ടിറ്റിക്കാണ് ആമയെ ലഭിച്ചത്. തോടിന്റെ കരയില്‍ ഇരിക്കുന്ന കണ്ട ആമയെ ഇയാള്‍ പിടികൂടുകയായിരുന്നു.
ആമയ്‌ക്ക് പത്ത് ലക്ഷം രൂപ വരെ ലഭിക്കുമെന്ന് പറഞ്ഞ സമീപിച്ച റഷീദ് കിട്ടുന്നത് വീതം വെക്കാമെന്ന് പറഞ്ഞ് കച്ചവടത്തിന് പ്രേരിപ്പിക്കുകയായിരുന്നു. രൂപത്തില്‍ കര ആമയോട് സാദ്യശ്യം തോന്നുമെങ്കിലും ലിസിമസ് പന്തേറ്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവ കരയിലും ശുദ്ധജലത്തിലും ജീവിക്കുന്ന വിഭാഗമാണെന്ന് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിബിന്‍ദാസ് പറഞ്ഞു. തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
















