കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ അന്വേഷിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു. റോഡുകള്‍ കൈയ്യേറിയാണ് പല കെട്ടിടങ്ങളും ഉള്ളത്. ഇവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നഗരത്തില്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പല കെട്ടിടങ്ങള്‍ക്കും ലൈസന്‍സുകള്‍ ലഭിച്ചശേഷം പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അനധികൃതമായ നിര്‍മ്മാണങ്ങള്‍ നടത്തി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസിന് മുന്നിലുള്ള കെട്ടിടത്തില്‍ മുന്‍ ചെയര്‍മാന്റെ ഒത്താശയോടെ മൂന്ന് അനധികൃത സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട. പുതിയ ബസ്റ്റാന്റ് സര്‍ക്കിളിനടുത്ത് നിയമം ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. പള്ളം പുഴയോരം കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം നടത്തിയ നഗരസഭാ കൗണ്‍സില്‍ ഹാള്‍ ചോര്‍ന്ന് ഒലിക്കുകയാണ് ഇത് അന്വേഷിക്കണം. ചെന്നിക്കരയില്‍ നിര്‍മ്മിച്ച ആധുനിക ശ്മശാനം തുറന്ന് കൊടുക്കണം. ശ്മശാനത്തിലെ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല. ബിജെപി അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ശ്മശാന വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ യോഗം ബന്ധപ്പെട്ട വിഭാഗങ്ങളെ ചുമതലപ്പെടുത്തി. നഗരത്തിലെ അനധികൃത നിര്‍മ്മാണം, ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശിന്റെ നേതൃത്വത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ചെയര്മാന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: