കൊല്ലം: മാധ്യമപ്രവര്‍ത്തകരോടുള്ള വിരോധം മൂത്ത് ഒരുവിഭാഗം അഭിഭാഷകര്‍ കൊല്ലം കളക്‌ട്രേറ്റില്‍ അപ്രഖ്യാപിത ഉപരോധം നടത്തി. കോടതിക്ക് പുറമേ അന്‍പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സ്റ്റേഷന്റെ കവാടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപരോധം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രകടനം. പോലീസും ഇവരുടെ താളത്തിന് തുള്ളിയതോടെ വലഞ്ഞത് വിവിധ ആവശ്യങ്ങള്‍ക്കായി കളക്‌ട്രേറ്റിലെ എത്തിയവരാണ്.
മണിയന്‍പിള്ളക്കൊലക്കേസിന്റെ വിധി പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാനെന്ന പേരില്‍ നിലയുറപ്പിച്ച അഭിഭാഷകരുടെ നടപടിയാണ് പൊതുജനത്തെ വലച്ചത്. കൊല്ലം കോടതി പരിസരം നിലനില്‍ക്കുന്നത് ജില്ലാ ഭരണസിരാകേന്ദ്രത്തിലാണെന്ന ബോധമില്ലാതെയായിരുന്നു അഭിഭാഷകരുടെ പെരുമാറ്റം. ദിനംപ്രതി നൂറുകണക്കിന് പാവപ്പെട്ടവര്‍ എത്തുന്ന കളക്‌ട്രേറ്റ്, ആര്‍ഡിഒ ഓഫീസ്, പട്ടികജാതി ക്ഷേമനിധി ഓഫീസ്, ട്രഷറി എന്നിവ പ്രവര്‍ത്തിക്കുന്നതും ഇതേ വളപ്പിലാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ കേന്ദ്രങ്ങളുള്‍പ്പടെ അന്‍പതോളം ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഇന്നലെ എത്തിയവരാണ് വലഞ്ഞത്.
ഓരോ ആവശ്യത്തിനെത്തിയവര്‍ ഇന്നലെ ഭീതിയോടെയാണ് അകത്ത് പ്രവേശിച്ചത്. കളക്‌ട്രേറ്റ് വളപ്പാകെ പോലീസിനെ കൊണ്ട് നിറഞ്ഞിരുന്നു. എന്തോ വലിയ സംഘര്‍ഷമുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഗ്രനേഡും ഷെല്ലുമായി പോലീസുകാര്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ സാധാരണക്കാര്‍ പേടിച്ചു പോയി. അകത്ത് പ്രവേശിക്കുന്ന ഒരോ ആളും മാധ്യമ പ്രവര്‍ത്തകരല്ലെന്ന് ഉറപ്പ് വരുത്തിയാണ് വക്കീലന്മാര്‍ പടിക്കല്‍ കാവല്‍ ഇരുന്നത്. ഒരു വിഭാഗം അഭിഭാഷകര്‍ മാത്രമാണ് ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്ത് എത്തിയത്.
.മുതിര്‍ന്ന അഭിഭാഷകരുള്‍പ്പടെയുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് സൗഹൃദം പങ്കിട്ടാണ് കോടതിയില്‍ പ്രവേശിക്കുകയായിരുന്നു. അതേ സമയം കളക്‌ട്രേറ്റ് വളപ്പില്‍ നിന്നും കോടതി മാറ്റി സ്ഥാപിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുകയാണ്. കളക്‌ട്രേറ്റ് വളപ്പിലെ അസൗകര്യം കണക്കിലെടുത്താണ് കോടതി സമുച്ചയം മാറ്റണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യം ഉയര്‍ന്നത്. ആശ്രാമം ലിങ്ക് റോഡിന് സമീപത്തെ സര്‍ക്കാര്‍ വക പുറമ്പോക്കിലേക്ക് കോടതി സമുച്ചയം മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ അഭിഭാഷകര്‍ എതിര്‍ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിന് സമീപത്താണ് തങ്ങളുടെ ഓഫീസുകളും വീടുകളും ഉള്ളതെന്ന ന്യായം നിരത്തിയാണ് അഭിഭാഷകര്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ അംഗീകരിക്കാതിരുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യവും കോടതിയുടെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റണമെന്നാണ്. കോടതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് കാരണമാകുമെന്നും സുരക്ഷാവീഴ്ചയുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു. ഭരണസിരാ കേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും സമരങ്ങള്‍ ഉള്‍പ്പടെ നടക്കുന്നുണ്ട്. ഉപരോധം ഉള്‍പ്പടെയുള്ളവ വരുമ്പോള്‍ അത് കോടതിയുടെ കൂടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും പോലീസ് പറയുന്നു. കൂടാതെ പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങള്‍ പലപ്പോഴും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. കൊടുംകുറ്റവാളികളെ ഉള്‍പ്പെടെ കൊണ്ടുവരുമ്പോള്‍ അവര്‍ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അഭിപ്രായം ഇതാണ്. കോടതി മറ്റ് എവിടെങ്കിലും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് ഇവര്‍ പറയുന്നത്.
















