മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ പുലിക്കുന്നു താന്നിക്കപതാലില്‍ പൂന്തോപ്പു വീട്ടില്‍ ജയന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ തീപൊളളലേറ്റു മരണപെട്ട സംഭവത്തില്‍ മുണ്ടക്കയം പോലീസ് അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ചു സംയുക്ത കുടുംബശ്രീ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.
പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുണ്ടക്കയം എസ്‌ഐയുടെ നടപടി പട്ടികജാതിക്കാരോടുളള വെല്ലുവിളിയാണന്നും എസ്‌ഐ മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കാന്‍ പോലീസ് മേധാവികള്‍ തയ്യാറാവണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് പറഞ്ഞു. പ്രതിക്കു മുന്‍കൂര്‍ ജാമ്യത്തിനു അവസരമുണ്ടാക്കി നല്‍കിയത് മുണ്ടക്കയം പോലീസാണ്. ഇത് അംഗീകരിക്കാനാവില്ലന്നും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എംഎല്‍എ പറഞ്ഞു.
കോസ്‌വെ ജംങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടി.ബി. റോഡില്‍ സഹകരണ ബാങ്ക് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു ധര്‍ണ നടത്തി. പഞ്ചായത്തംഗം കെ.സി.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജു, ത്രിതല പഞ്ചായത്തംഗങ്ങളായ പി. ജി. വസന്തകുമാരി, ലീലാമ്മ കുഞ്ഞുമോന്‍, ബി. ജയചന്ദ്രന്‍, പി. ആര്‍. സത്യന്‍, ഷീബാദിഫായിന്‍, വിവിധ കക്ഷി നേതാക്കളായ ടി. കെ. ശിവന്‍, കെ.ബി. മധു, റജീന റഫീക്, സിജു കൈതമറ്റം, സുനില്‍ ടി.രാജ്, വി. ടി. കൊച്ചുമോന്‍, കുടുംബശ്രി ഭാരവാഹികളായ സുപ്രഭ രാജന്‍, എം.എം. ഓമന, ശാലിനി സജീവന്‍, ബേബി രജനി, ലീലാമ്മ ലക്ഷ്മണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
നിഷയുടെ മരണവുമായി ബന്ധപെട്ട് ഭര്‍ത്താവ് ജയനെ പ്രതിയാക്കി പോലീസ് കേസെടുത്ത് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയതായി കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി.വി.യു.കുര്യാക്കോസ്, സി.ഐ.മോഹന്‍ലാല്‍ എന്നിവര്‍ അറിയിച്ചു. നിഷയുടെ മരണത്തിനു ഉത്തരാവാദി ഭര്‍ത്താവ് ജയനാണന്നു അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കിയ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നിരസിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.
















