വാഴൂര്‍: വെട്ടിക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ രണ്ടാഴ്ച മുമ്പു വിരുന്നിനെത്തിയ രണ്ടു മയിലുകള്‍ ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമാകുന്നു. രാവിലെ ക്ഷേത്രം തുറക്കുന്നതിനു മുമ്പു ക്ഷേത്ര മതിലിനകത്തെത്തുന്ന മയിലുകള്‍ രാവിലത്തെപൂജ കഴിയുമ്പോള്‍ പുറത്തു പോകും.
പിന്നീടു സമീപപ്രദേശത്തെ വീടുകളിലാണ് മയില്‍ സന്ദര്‍ശനത്തിനു പോകുന്നത്. വൈകിട്ട് ക്ഷേത്രം തുറക്കുന്നതിനു മുമ്പായി മയിലുകള്‍ രണ്ടും ക്ഷേത്ര പരിസരത്തെത്തും. സന്ധ്യ കഴിഞ്ഞാല്‍ ക്ഷേത്രത്തിനു സമീപമുള്ള മരങ്ങളിലാണ് അന്തിയുറക്കം. ക്ഷേത്രത്തിലെത്തിയ വിശിഷ്ടാതിഥികളെ കാണാന്‍ നിരവധി പേരാണെത്തുന്നത്. ഇവ ഇവിടെ നിന്നു പോകാതിരിക്കാന്‍ പ്രദേശത്തെ കുട്ടികള്‍ ഗോതമ്പുമണികളടക്കമുള്ള തീറ്റ നല്‍കി വരികയാണിപ്പോള്‍.
















