കുടയംപടി: തിരക്കേറിയ റോഡില്‍ മൂടിയില്ലാത്ത ഓട അപകടക്കെണിയാകുന്നു. ചുങ്കം-മെഡിക്കല്‍ കോളേജ് റോഡിലുള്ള കുടയംപടി കവലയിലാണ് ഓട ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
കുടമാളൂര്‍ സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ വാഹനം കാത്തുനില്‍ക്കുന്നതും ഇതിന് സമീപമാണ്. ഏതാണ്ട് അമ്പത് അടിയോളംനീളം ഓടയ്‌ക്കുണ്ട്. ഇതില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. സമീപമുള്ള മത്സ്യ-മാംസവ്യാപാരകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ഈ ഓടയിലേക്കാണ്. ദുര്‍ഗന്ധത്തോടൊപ്പം പകര്‍ച്ചവ്യാധി ഭീഷണിയും ഇതുമൂലം ഉണ്ടാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ദൂരം കുറഞ്ഞതും തിരക്ക് കുറഞ്ഞതുമായ വഴിയായതുകൊണ്ട് ദിവസേന നൂറുകണക്കിന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. അതോടൊപ്പം അവിടെനിന്ന് പരിപ്പ്, പുലിക്കുട്ടിശേരി ഭാഗത്തേക്കുള്ള വാഹനങ്ങളും തിരിഞ്ഞുപോകുന്നു. അതുകൊണ്ടുതന്നെ എപ്പോഴും നല്ലതിരക്കാണ് ഈ കവലയില്‍ അനുഭവപ്പെടുന്നത്. വാഹനം ഓടിക്കുന്നവരുടെ വൈദഗ്‌ദ്ധ്യം പരീക്ഷിക്കപ്പെടുകയാണ് ഈ കവലയില്‍.
കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള ഈ സമാന്തരപാതയായ ഈ റോഡ് ഹൈവേ വിഭാഗത്തിന്റേതാണ്. എങ്കിലും ഓടയ്‌ക്ക് മൂടിതീര്‍ത്ത് അപകടസാധ്യത ഇല്ലാതാക്കുവാന്‍ വര്‍ഷങ്ങളായിട്ടും നടപടിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്നു. ഏതുസമയത്തും ഇവിടെ അപകടം സംഭവിക്കാമെന്നുള്ളതുകൊണ്ട് ഈ ഓട സ്ലാബിട്ടുമൂടി സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
















