പത്തനംതിട്ട: പന്തളത്ത് ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തിന് നേരെ സിപിഎം അക്രമം.
സിപിഎം പ്രവര്‍ത്തകരുടെ അക്രമണത്തില്‍ വൃദ്ധയടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. പന്തളം മങ്ങാരം പനയ്ക്കല്‍ പടിഞ്ഞാറ്റേതില്‍ യശോധരന്റെ ഭാര്യ തങ്കമണി(60) മകന് സാബു(38), മകളുടെ മകന് തോട്ടക്കോണം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബിനുരാജ്(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പന്തളം എന്എസ്മെഡിക്കല് മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പിവടികൊണ്ടുള്ള മര്‍ദ്ദനമേറ്റ് കൈകാലുകള്‍ ഒടിഞ്ഞ അവസ്ഥയിലാണിവര്‍.
അക്രമിസംഘത്തിന് നേതൃത്വം നല്കിയ സിപിഎം പ്രവര്‍ത്തകനും സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് ഏരിയാസെക്രട്ടറിയുമായ അഞ്ചുമൂലപ്പറമ്പില് സുനില്‍കുമാര്‍ (42) നെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുമ്പ് നിരവധി തവണ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ച സാഹചര്യത്തിലും വന്‍ പോലീസ് സുരക്ഷയാണ് ഇന്നലെ ഒരുക്കിയിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സാബുവിന്റെ വീട്ടിലേക്ക് സ്ഥലം വാങ്ങി വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. അക്രമിസംഘം തങ്കമണിയെയാണ് ആദ്യം മാരകായുധങ്ങളുമായി അക്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ സാബുവിനേയും ബിനുരാജിനേയും കമ്പിവടിയടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. തങ്കമണിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന് തൂക്കമുള്ള സ്വര്‍ണ്ണമാല അക്രമികള്‍ പൊട്ടിച്ചെടുത്തതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: