തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സൂവോളജിക്കല്‍ പാര്‍ക്കിന്റെ സ്ഥലം മന്ത്രിമാരായ കെ .രാജു ,
വി .എസ് .സുനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു
തൃശൂര്‍: അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി കെ രാജു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി തൃശൂരില്‍ നിന്ന് മൃഗശാല പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റും. ദേശീയ സൂ അതോറിറ്റി അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് രണ്ട് ഘട്ടങ്ങളിലായി സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രത്യാശയും സര്‍ക്കാരിനുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാറിനും സ്ഥലം എംഎല്‍എ അഡ്വ.കെ രാജനുമൊപ്പം വനം മന്ത്രി കെ രാജു പുത്തൂരിലെത്തി സുവോളജിക്കല്‍ പാര്‍ക്കിനായുള്ള വനഭൂമി സന്ദര്‍ശിച്ചു. പ്രദേശവാസികളുടെയും സ്ഥലത്തെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളും ആരാഞ്ഞ മന്ത്രി തൃശൂര്‍ മൃഗശാലയിലെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതുക്കിയ ബജറ്റില്‍ 150 കോടി രൂപ നീക്കിവയ്ക്കുകയും പ്രാരംഭ നടപടികള്‍ക്കായി 15 കോടി രൂപ അനുവദിക്കുകയും ചെയ്തു.
സെന്‍ട്രല്‍ പൊതുമരാമത്ത് വകുപ്പിനെ നിര്‍മാണ ചുമതലയേല്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈദ്യുതിക്ക് വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. തീര്‍ത്തും ഇക്കോ ഫ്രണ്ട്ലിയായ മൃഗശാലയായിരിക്കും പുത്തൂരിലേത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി പുത്തൂരിലേത് മാറുകയും ചെയ്യും.
ഭൂമി ഏറ്റെടുക്കല്‍ ഏകപക്ഷീയമായിരിക്കില്ല. ഇതിന് പുറമെ, വനം വകുപ്പിന്റെ തന്നെ 65 ഏക്കര്‍ ഭൂമി വേറെയും ഇവിടെയുണ്ട്. ആവശ്യമെങ്കിലും അതും ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കും.
നൈറ്റ് സഫാരി പാര്‍ക്കുള്‍പ്പടെ വിപുലമായ രീതിയില്‍ തന്നെ മാറ്റിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി വി എസ് സുനില്‍കുമാറും പറഞ്ഞു. ജില്ലയില്‍ ഒരു സാംസ്കാരിക സമുച്ചയം നിര്‍മിക്കുന്നതിന് ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിയുമെങ്കില്‍ അത് ഇപ്പോഴത്തെ കാഴ്ചബംഗ്ലാവ് ഇരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കാമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
പുത്തൂരിലെ കുന്നും മലകളും മരങ്ങളും നഷ്ടമാകാതെ പരിപാലിക്കുന്ന തരത്തില്‍ മൃഗശാല നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനൊപ്പം മുറിക്കപ്പെടേണ്ടിവരുന്ന ഓരോ മരത്തിനും പകരം മറ്റൊന്ന് വളര്‍ത്തുമെന്ന് അഡ്വ.കെ രാജന് എംഎല്‍എ വ്യക്തമാക്കി. മൂന്നര കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് കാണാവുന്ന വിധത്തില്‍ തരപ്പെടുത്തിയിട്ടുള്ള മൃഗശാല മാസ്റ്റര്‍ പ്ലാനില്‍ ട്രാംവേ അടക്കം ഒന്നിനും മാറ്റം വരുത്താതെ പൂര്‍ത്തിയാക്കുമെന്നും കെ രാജന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: