നാലമ്പലതീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശ്രീ കൂടല്‍മാണിക്യം തീര്‍ത്ഥക്കുളം പ്രദക്ഷിണംവക്കുന്ന തീര്‍ത്ഥാടകര്‍
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തെ ഗവ.അധികൃതരും ദേവസ്വവും പൂര്‍ണ്ണമായും അവഗണിച്ചതിനാല്‍ ശ്രീകൂടല്‍മാണിക്യക്ഷേത്രത്തിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ദുരിതത്തിലാകുന്നു. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്താനാകാതെ തിരിച്ചുപോകുന്നു. ഏക്കര്‍കണക്കിന് സ്ഥലമുണ്ടായിട്ടും വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യമുണ്ടാക്കാന്‍ ഇത്ര വര്‍ഷമായിട്ടും ദേവസ്വം മുതിരാത്തത് ദേവസ്വം ഭരിക്കുന്ന രാഷ്ട്രീയ ഭരണസമിതിയുടെ കൃത്യവിലോപം തന്നെയാണ്.
ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഏക്കര്‍കണക്കിന് ഭൂമിയുള്ള കൊട്ടിലാക്കല്‍ പറമ്പ് ശരിയാക്കി നൂറുകണക്കിന് വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കുവാന്‍ ഒരു നടപടിയും ദേവസ്വവും സര്‍ക്കാര്‍ അധികൃതരും എടുത്തിട്ടില്ല. കോരിച്ചൊരിയുന്ന കാലാവസ്ഥയിലും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തുന്നത്. എന്നാല്‍ അവരില്‍നിന്ന് ഉള്ളതും ഇല്ലാത്തതുമായ വഴിപാടുകളുമായി ലക്ഷകണക്കിന് രൂപയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. വഴിപാടുകളിലും മറ്റും വന്‍കൃത്രിമങ്ങള്‍ നടക്കുന്നുവെന്ന് ഭക്തജനസംഘടനകളും ഭക്തജനങ്ങളും കുറ്റപ്പെടുത്തുന്നു.
പാര്‍ക്കിംഗിനും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും തീര്‍ത്ഥാടകരില്‍ നിന്ന് വന്‍തുകയാണ് ദേവസ്വം വസൂലാക്കുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ ദേവസ്വം തയ്യാറാകാത്തത് ഭക്തജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വര്‍ഷം തോറും തിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നാലമ്പലതീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സേവാഭാരതി ആര്‍എസ്എസ് കാര്യാലയമായ ശക്തിനിവാസില്‍ നടത്തുന്ന അന്നദാനം തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വസമായിട്ടുണ്ട്. മുടക്കുദിവസങ്ങളില്‍ അയ്യായിരത്തിലധികം ഭക്തരാണ് അന്നദാനത്തില്‍ പങ്കെടുക്കുന്നത്. നാലമ്പല തീര്‍ത്ഥാടനത്തെ സര്‍ക്കാരും ദേവസ്വവും ക്ഷേത്രത്തെ ആത്മീയകേന്ദ്രം എന്നതിനപ്പുറം ഒരു കച്ചവടമനസ്സോടെയാണ് കാണുന്നതെന്ന് ഭക്തജനങ്ങള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ട് അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടായത്. വരുന്ന നൂറു കണക്കിന് വാഹനങ്ങള്‍ക്ക് ശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങളോ പോലീസ് നിയന്ത്രണങ്ങളോ ഒന്നും തന്നെയില്ലാത്തത് വന്‍ട്രാഫിക് കുരുക്കാണ് നഗരത്തിലൂണ്ടായത്. പല വാഹനങ്ങള്‍ക്കും ക്ഷേത്രത്തിലെത്താനാകാതെ തിരിച്ചുപോകേണ്ടിവന്നു.
വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം നാട്ടുകാരും വളരെയേറെ ബുദ്ധിമുട്ടുന്നു. ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലെത്തുന്ന വലിയ വാഹനങ്ങള്‍ പൊതുനിരത്തിന്റെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം മറ്റുള്ള വാഹനങ്ങള്‍ക്ക് ആ വഴിയിലൂടെ പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടല്‍മാണിക്യം മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചിരുന്നു. കൂടാതെ നാലമ്പല തീര്‍ത്ഥാടനത്തിന് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ദേവസ്വം സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അധിക പാര്‍ക്കിങ് ഫീസില്‍ നിന്നും രക്ഷ നേടുന്നതിനായി പല വാഹനങ്ങളും പാട്ടമാളി റോഡ്, മഹാത്മാഗാന്ധി റോഡ്, പിഡബ്ല്യുടി റോഡ് തുടങ്ങിയ ക്ഷേത്രത്തിനു ചുറ്റമുള്ള റോഡുകളിലാണ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ വലിയ ബസ്സുകള്‍ റോഡിന്റെ ഓരം ചേര്‍ത്ത് പാര്‍ക്കുചെയ്യുന്നതുമൂലം സ്ലാബുകളും വീടുകളുടെ മുന്‍വശവും തകര്‍ന്നതായി പരിസരവാസികള്‍ പറഞ്ഞു. കുടിവെള്ളപൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകി പാഴാവുന്നു.
റോഡുകള്‍ കുണ്ടും കുഴികളുമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. തീര്‍ത്ഥാടനത്തിനു മുമ്പും ശേഷവും റോഡുകളിലുണ്ടാകുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാത്തത് യാത്രക്കാര്‍ക്ക് വലിയ അപകടസാധ്യതളാണ്് ഉണ്ടാകുന്നത്. തീര്‍ത്ഥാടകരുടെ നിന്ന് പണം സ്വകരിക്കുവാനുള്ള ജിജ്ഞാസ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും കാണിക്കണമെന്ന് ഭക്തജനങ്ങള്‍ പറയുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളും തീര്‍ത്ഥാടകരുടെ സൗകര്യങ്ങളും കണക്കിലെടുത്ത് പാര്‍ക്കിങ്ങിനുവേണ്ടി സൗകര്യം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ കൊട്ടിലാക്കല്‍ പറമ്പിലെ ചെളിനിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മൂലമാണ് തങ്ങള്‍ റോഡ്സൈഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് എന്നാണ് വാഹന ഉടമകളുടെ ന്യായം. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സൗകര്യങ്ങള്‍ക്കായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഇരിങ്ങാലക്കുടയെ ടെമ്പില്‍ സിറ്റിയായി മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രസംരക്ഷണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: