പാലക്കാട്: കാലവര്‍ഷം ചതിച്ചതിനാല്‍ ജില്ലയിലെ അണക്കെുകള് ഇതുവരെ നിറഞ്ഞിട്ടില്ല. കൃഷിക്കും കുടിവെള്ളത്തിനുമൊക്കെ ഉപയോഗിക്കേണ്ട അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ താഴെയാണ്. ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിലെ വെള്ളത്തിന്റെ സ്ഥിതിയും കുറവുതന്നെയാണ്. 226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ കഴിഞ്ഞദിവസം 62.3921 ദശലക്ഷം ഘനമീറ്റര്‍ വെളളം മാത്രമേയുള്ളു. കഴിഞ്ഞ വര്‍ഷം ഇതേദിവസം 103.43855 ദശലക്ഷം ഘനമീറ്ററായിരുന്നു അളവ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കാത്തതിനാല്‍ നീരൊഴുക്ക് കുറവാണ്.
ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനലില്‍ ഭാരതപ്പുഴയിലേക്ക് നിരവധി തവണ വെള്ളം തുറന്നുവിട്ടത് മലമ്പുഴയിലെ വെള്ളം കുറയാന്‍ കാരണമായി. മീങ്കര അണക്കെട്ടിലും ജലനിരപ്പ് ആശങ്കാജനകമാംവിധം താഴെയാണ്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള അണക്കെട്ടില്‍ 1.6 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 8.155 ആയിരുന്നു. വാളയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കാര്യമായി പെയ്തിട്ടില്ല. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.775 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷമിത് 12.422 ദശലക്ഷം ഘനമീറ്ററായിരുന്നു. ചുള്ളിയാറിലും ജലനിരപ്പ് താഴെയാണ്. ചൊവ്വാഴ്ച 1.217 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണുള്ളത്. 2.492 ദശലക്ഷം ഘനമീറ്ററാണ് 2015ല്‍ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ ആകെ ശേഷി 13.70 ദശലക്ഷം ഘനമീറ്ററാണ്. 50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ 14.81 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷമാവട്ടെ 15.801 ദശലക്ഷം ഘനമീറ്ററും. വൃഷ്ടിപ്രദേശത്ത് പെയ്ത മഴയില്‍ വന്‍കുറവുണ്ടായിട്ടുണ്ട്. 2015 ല്‍ ഈ കാലയളവില്‍ 1219 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ ഈ സീസണില്‍ കഴിഞ്ഞ ദിവസം വരെ പെയ്തത് 932 മില്ലീമീറ്റര്‍ മാത്രം. 70.8274 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 41.43 ദശലക്ഷം ഘനമീറ്റര്‍മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വര്‍ഷമിത് 56.5611 ദശലക്ഷം ഘനമീറ്ററായിരുന്നു.
മംഗലം അണക്കെട്ട് മാത്രമാണ് നിറഞ്ഞത്. മംഗലം അണക്കെട്ടിന്റെ ആകെ സംഭരണശേഷി 25.494 ദശലക്ഷം ഘനമീറ്റര്‍ ആണ്. 77.88 മീറ്റര്‍ പരമാവധി ജലനിരപ്പ്. കഴിഞ്ഞദിവസത്തെ ജലനിരപ്പ് 77.77 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 77.58 മീറ്ററും. നിലവില്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അഞ്ചുസെന്റീമീറ്റര്‍ നിരക്കിലാണ് വെള്ളം പൊയ്ക്കൊണ്ടിരിക്കുന്നത്. മഴയില്ലാത്തതിനാല്‍ ഇത്തവണ ഒന്നാംവിള നെല്‍കൃഷിയും ഗുരുതരപ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: