നാട്യശാസ്ത്രത്തിലെ വ്യഭിചാരീ ഭാവങ്ങളുടെ ആവിഷ്കാരത്തില്‍ കാര്ത്തികമേനോനും സാന്ദ്രപിഷാരോടിയും
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ നവരസസാധന ശില്പശാലയുടെ മൂന്നാം ഘട്ടം യുവപ്രതിഭകളുടെ അഭിനയപ്രകടനത്തോടുകൂടി സമാപിച്ചു. ഭാരതീയ നാട്യപാരമ്പര്യത്തിലെ സുപ്രധാന അഭിനയസങ്കേതങ്ങളാണ് നവരസങ്ങള്‍.
പൂര്‍ണ്ണമായും നടന്റെ ധ്യാനസമാനമായ ഏകാഗ്രതയില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍കൊള്ളുന്ന നവരസസാധന എന്ന അഭ്യാസക്രമം ആവിഷ്കരിച്ച് പരിശീലിപ്പിച്ചു വരുന്നത് കൂടിയാട്ടത്തിന്റെ കുലപതി വേണുജി ആണ്. കേരളത്തിലും പുറമേ നിന്നുമുള്ള യുവപ്രതിഭകള്‍ക്ക് പരിശീലനം നല്കുന്ന കളരിയുടെ മൂന്നാം ഘട്ടത്തില്‍ മുഖ്യമായും വ്യഭിചാരീ ഭാവങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.
ഭരതന് തന്റെ നാട്യശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന വ്യഭിചാരീഭാവങ്ങളുടെ അനുഭവതീവ്രത പരമാവധി ഉള്‍കൊള്ളുന്ന ഉദാഹരണങ്ങളിലൂടെ ആയിരുന്നു അവയുടെ പരിശീലനം. കൊറിയോഗ്രാഫര്‍ ചന്ദ്രശേഖര്‍, നര്‍ത്തകിമാരായ ശ്രുതി കെ.പി., സാന്ദ്രപിഷാരോടി (മോഹിനിയാട്ടം), കാര്ത്തികമേനോന് (കുച്ചിപ്പുടി), നടന്മാര് അഭിഷേക് ചൗഹാന്, ശിവാങ്ഷു മിശ്ര, നടി മല്ലിക ഷാ തുടങ്ങിയവരായിരുന്നു ശില്പശാലയില് വിദ്യാര്‍ത്ഥികളായി പങ്കെടുത്തത്. ഇരുപത് ദിവസം നീണ്ടു നിന്ന ഈ അഭിനയപരിശീലന കളരിയുടെ സമാപനം ഇവരുടെ അഭിനയപ്രകടനത്തോടുകൂടി ആയിരുന്നു.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ജയരാജന്, കലാമണ്ഡലം വിനീഷ്, കലാനിലയം ഉണ്ണികൃഷ്ണന് എന്നിവര്‍ പശ്ചാത്തലമേളം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: