കോഴിക്കോട്: റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം നരകതുല്യമാകുന്നു. ഉള്ള്യേരിയില്‍ നിന്നും വടകര അഴിയൂരിലേക്ക് മാറ്റിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. അഴിയൂരിലെ രണ്ട് പ്രീ മെട്രിക് ഹോസ്റ്റല്‍ അടച്ചു പൂട്ടിയാണ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥാപനത്തിനാണെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും ഇല്ല. കേവലം 30 കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലില്‍ 170 കുട്ടികളാണ് താമസിക്കുന്നത്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ വലയ്‌ക്കുന്നത്.
കുട്ടികള്‍ക്ക് കിടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യം തീരെയില്ല. വസ്ത്രം അലക്കി ഉണക്കാനുള്ള സൗകര്യവുമില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയതിന്റെ ചുവട്ടില്‍ നിന്നാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. 30 കുട്ടികള്‍ ഉപയോഗിച്ചിരുന്ന ബാത്ത് റൂം 170 കുട്ടികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബാത്ത് റൂമിന്റെ അരിക് ചേര്‍ന്ന് കട്ടിലുകള്‍ ഇട്ടിരിക്കുന്നതിനാല്‍ വസ്ത്രം മാറാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഏതെങ്കിലും കുട്ടിക്ക് അസുഖം വന്നാല്‍ മറ്റു കുട്ടികള്‍ക്ക് പകരുവാനുള്ള സാധ്യത കൂടുതലാണ്. അവശിഷ്ടം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലാത്തിനാല്‍ മാംസവും, മത്സ്യവും കുട്ടികള്‍ക്ക് കൊടുക്കാറില്ല. പാലുമായി വരുന്ന വണ്ടികള്‍ റെയില്‍വേ ക്രോസ് കടന്നുവരാന്‍ മടിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പാലുമില്ല. ഗുണമേന്മ തീരെ കുറഞ്ഞ ഭക്ഷണമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ഇതിനിടെ കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നതിനായി കഴിയുന്നത്ര ടിസി കൊടുത്തുവിടാനുള്ള നീക്കവും നടക്കുന്നുണ്ട്. ട്രെയിനിന്റെ സമയം അനുസരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതെന്നും ആരോപണമുണ്ട്. പഠിപ്പിക്കുന്നതിനേക്കാള്‍ യാത്രാ സൗകര്യമാണ് അധ്യാപകര്‍ക്ക് പ്രധാനമെന്നും ആക്ഷേപമുയരുന്നുണ്ട്. ഹോസ്റ്റലിലെ കിണര്‍ മലിനമാവുന്നതൊടൊപ്പം സമീപ വീടുകളിലെ കിണറും മലിനമാകും എന്നതിനാല്‍ ആ നിലയ്‌ക്കുള്ള തര്‍ക്കവും ഇടക്കിടെ ഉയരുന്നുണ്ട്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പിടിഎ യുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
















