കാസര്‍കോട്: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ സംഘടിതരാകേണ്ടത് അത്യാവശ്യമാണെന്ന് ബിഎംഎസ് കര്‍ണ്ണാടക സംസ്ഥാന സംഘടക സെക്രട്ടറി സൂര്യനാരായണ റാവ് പറഞ്ഞു. ബിഎംഎസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായുള്ള കാസര്‍കോട് മുനിസിപ്പല്‍ തല കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലും ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു വേണ്ടി നടപ്പാക്കുന്ന പല പദ്ധതികളും കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ല.
സാമൂഹ്യ നന്മയ്ക്കുവേണ്ടി തൊഴിലാളി ശക്തി വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് പവിത്രന് കെ.കെ.പുറം പറഞ്ഞു. ബിഎംഎസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായുള്ള കാസര്‍കോട് മുനിസിപ്പല്‍ തല കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസമിതി പ്രസിഡണ്ട് ബാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖല പ്രസിഡണ്ട് നാരായണന് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് രഘുറാം തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ബാബുമോന് സ്വാഗതവും, നഗര സെക്രട്ടറി പി.ദിനേശ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: ബിഎംഎസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളി സംഗമം പുതിയകോട്ട ബാങ്ക് ഹാളില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. തൊഴിലാളി മേഖലയില്‍ ഭാരതീയ മസ്ദൂര്‍ സംഘം നേതൃത്വം നല്‍കാത്ത ഒരു സമരവും കേരളത്തിലെന്നല്ല ഭാരതത്തില്‍ പോലും വിജയം കണ്ടിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ന് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പോലും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ദേശവിരുദ്ധ ശക്തികള്‍ക്ക് തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് ബിഎംഎസിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളുടെ മനസില്‍ രാഷ്ട്രസങ്കല്പ്പമെത്തിക്കാന് നാം പരിശ്രമിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍ പറഞ്ഞു. ദത്തോപന്ത് ടേംഗ്ഡ്ജിയുടെ ത്യാഗപൂര്‍ണമായ ജീവിതസന്ദേശമാണ് ബിഎംഎസ് എന്ന പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇത്തരം ദേശവിരുദ്ധ ശക്തികള്‍ക്ക് ഇവിടുത്തെ രാഷ്ട്രീയ പിന്‍ബലവുമുണ്ട്. 1980 കളില്‍ കേരളത്തെ കാശ്മീരാക്കുമെന്ന് മലപ്പുറത്ത് നടത്തിയ മുദ്രാവാക്യം അന്ന് ആരും കാര്യമായെടുത്തില്ല, ഇന്ന് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാം കാണുന്ന രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അറിയിക്കേണ്ടിടത്ത് അറിയിക്കുമ്പോഴാണ് രാഷ്ട്രബോധമുള്ള പൗരന്മാരായി നാം മാറുന്നത്. ആര്‍എസ്എസും പരിവാര്‍ പ്രസ്ഥാനങ്ങളും രണ്ടല്ല ഒന്നാണെന്നും സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ഭരതന് അധ്യക്ഷത വഹിച്ചു. ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി ദാമോദരന്‍ എണ്ണപ്പാറ സംസാരിച്ചു. കെ.വി.രമേശന് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബസ്സ്സ്റ്റാന്റ് പരിസരത്ത് ദാമോദരന്‍ എണ്ണപ്പാറ പതാക ഉയര്‍ത്തി. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശന് പറശ്ശിനി, ആര്.കെ.രാധാകൃഷ്ണന്, കൃഷ്ണന്, സുധി ശ്രീലകം, പ്രസാദ്, ഉദയകുമാര്‍, വിനോദ് കല്യാണ്‍, വിനു, അലക്സാണ്ടര്‍ എന്നിവര്‍ സംബന്ധിച്ചു.
മാവുങ്കാല്‍: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലുണ്ടാകുന്ന വിലക്കയറ്റത്തിന് കാരണം ഭരിച്ച സര്‍ക്കാരുകളാണെന്ന് ബിഎംഎസ് (മോട്ടോര്‍) സംസ്ഥാന സെക്രട്ടറി രഘുരാജ് പറഞ്ഞു. കേന്ദ്രവുമായി സഹകരിച്ചുപോകുന്ന മറ്റുസംസ്ഥാനങ്ങളില്‍ വിലക്കയറ്റമില്ലാത്തത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിഎംഎസ് 62 ാം സ്ഥാപനദിനത്തോടനുബന്ധിച്ച് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാല്‍ നന്ദനം ഒാഡിറ്റോറിയത്തില്‍ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമോ കൊടിയുടെ നിറമോ നോക്കാതെ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ബിഎംഎസ് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ നല്‍കേണ്ട ക്ഷേമനിധിപോലും പലവിധ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ നിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, രാഘവന് പള്ളോട്ട്, പഞ്ചായത്തംഗം പത്മനാഭന്, ഗോപാലന് സംസാരിച്ചു. മധു സ്വാഗതവും കോമളന് നന്ദിയും പറഞ്ഞു.
മടിക്കൈ: ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കോട്ടപ്പാറ ജിഎല്‍പി സ്കൂളില്‍ മടിക്കൈ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളിസംഗമം ബിഎംഎസ് കര്‍ണ്ണാടക സംസ്ഥാന സംഘടനാ സെക്രട്ടറി സൂര്യനാരായണ റാവു ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ഭാസ്കരന് ഏച്ചിക്കാനം അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടി.ഗോപി, ആര്‍എസ്എസ് ഹൊസ്ദുര്‍ഗ്ഗ് കാര്യകാരി അംഗം ചന്ദ്രന് വാഴക്കോട്, മടിക്കൈ പഞ്ചായത്തംഗം ബിജിബാബു, ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് മനോജ്, മേഖലാ ഉപാധ്യക്ഷന്‍ എന്‍.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന് നന്ദി പറഞ്ഞു.
പെരിയ: ബിഎംഎസ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റിയുടെ സ്ഥാപന ദിനാഘോഷം ജില്ലാ ജോ:സെക്രട്ടറി പ്രിയ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സേവാപ്രമുഖ് സജീവന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
അട്ടേങ്ങാനം: കോടോംബേളൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളി സംഗമം പറക്കളായിയില്‍ ബിഎംഎസ് ജില്ലാ ഉപാധ്യക്ഷന്‍ ഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു. എ.ഗംഗാധരന് അധ്യക്ഷത വഹിച്ചു. കെ.തമ്പാന് എ ഗോവിന്ദന് അനീഷ്.പി അടുക്കത്തുവയല്‍ സംസാരിച്ചു. തൊഴിലാളികള്‍ക്ക് മരതെകള് വിതരണം ചെയ്തു.
മുളിയാര്‍: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 62 ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഗമവും, വിവിധ സേനാ പ്രവര്‍ത്തനങ്ങളും നടത്തി. മുളിയാര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ബോവിക്കാനം വ്യാപാരഭവനില്‍ നടന്ന തൊഴിലാളി സംഗമം ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ എ.കരുണാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മധുസൂദനന് ചിപ്ലിക്കയ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മുള്ളേരിയ മേഖലാ ജോ.സെക്രട്ടറി രാമചന്ദ്രന്, ആര്‍എസ്എസ് മുളിയാര്‍ മണ്ഡല് കാര്യവാഹ് മഹേഷ് ബോവിക്കാനം സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.എച്ച്.അനന്ദു സ്വാഗതവും ഗോപിനാഥന് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: ബിഎംഎസ് സ്ഥാപനദിനം തൃക്കരിപ്പൂരില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സത്യനാഥ് പരിപാടി ഉദ്ഘടനം ചെയ്തു. ബിഎംഎസ് തൃക്കരിപ്പൂര്‍ മേഖല പ്രസിഡണ്ട് കെ.കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി ഷിബിന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, കെ.ശശിധരന്, കെ.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. എ.രാജീവന് സ്വാഗതവും ടി.ലക്ഷ്മണന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വൃക്ഷ തൈ വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: