തിരുവനന്തപുരം : തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചതിലുള്ള ജനവികാരണാണ് തെരഞ്ഞെടുപ്പി ഫലത്തില്‍ പ്രതിഫലിച്ചതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം കേസ് മുന്നോട്ടു കൊണ്ടുപോകണമോ എന്നത് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രിയാണ്. വര്‍ഷങ്ങളായി ഇത്രയും ക്രൂരമായ പീഢനമനുഭവിക്കുന്ന മറ്റൊരാളുണ്ടാവില്ല. വി.എസ്. അച്യുതാനന്ദന് ഏത് ഭാഷയും ഉപയോഗിക്കാം. വേട്ടക്കാരന് ഒരിക്കലും ഇരയുടെ വികാരമറിയില്ല. വേട്ടക്കാരന് അമ്പുകൊള്ളുമ്പോള് മാത്രമേ മനസ്സിലാവൂ.
വിദ്യാഭ്യാസ കാര്യങ്ങള്‍ എന്നെ വലിച്ചിഴക്കേണ്ടതില്ല. ആലപ്പാട്ട് സണ്ണിയെ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗമാക്കിയത് തന്റെ താല്പര്യപ്രകാരമാണെന്ന് ആരോപണത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയോട് ചോദിക്കണം. വി.എസിന്റെ നല്ലൊരു മറുപടി വായില്‍ വന്നതാണ് പറയുന്നില്ല. തുട്ടുകിട്ടുന്ന വകുപ്പാണ് കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തതെന്നാണ് വി.എസിന്റെ പരാമര്‍ശനം. വി.എസ്. ഭരിച്ചിരുന്നപ്പോള്‍ ഐടി വകുപ്പ് കയ്യിലുണ്ടായിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരിക്കും.
അഞ്ച് മന്ത്രിമാര്‍ വേണമെന്നത് പാണക്കാട് തങ്ങള്‍ പറഞ്ഞതാണ്. അതിന്റെ അര്‍ഹതയെക്കുറിച്ച് ആരും മുടക്കം പറഞ്ഞിട്ടില്ല. യുഡിഎഫ് യോഗത്തിനുമുമ്പ് ചര്‍ച്ചയിലൂടെ മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമുണ്ടാകും.
പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ പുനഃപരിശോധിക്കും. എം.ഡിമാരുടെ പ്രവര്‍ത്തനം വിലയിരുത്തും. അഴിമതിക്ല് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഐടിമിഷന്‍, ടെക്നോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടേതായ നിബന്ധനകളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പരിശോധന നടക്കേണ്ടതുണ്ട്. ആഗോള നിക്ഷേപ സംഗമം എന്ന ആശയം പരിഗണനയിലില്ലെന്ന് പറയാനാവില്ല. പരിസ്ഥിതിക്കനുയോജ്യമായ കൂടുതല്‍ തൊവില്‍ സാധ്യതകളുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് നയം.
പരമ്പരാഗത, ചെറുകിട വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ഐടി രംഗത്ത് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പ്രായോഗികമാക്കിയിരുന്നു. ഇ-ഗവേണന്‍സ് രംഗത്ത് കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാവും. മാലിന്യ നിര്‍മ്മാര്‍ജ്ജം സംബന്ധിച്ച് വ്യക്തമായ പദ്ധതികള്‍ ആര്‍ക്കുമില്ല. നഗരജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ നഗരവികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കുടിവെള്ള പ്രശ്നം ഗൗരവകരമായ വിഷയമാണ്.
പുതിയ പദ്ധതികളില്‍ രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്നത് ജനാധിപത്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിട്ടുണ്ട്. ദേശീയപാതയുടെ കാര്യത്തില്‍പ്പോലും സമന്വയമുണ്ടാക്കാനായില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും.ഓരോ വ്യക്തിക്കും ഓരോ പദ്ധതിക്കും ഓരോ നയമുണ്ടാകില്ല. പൊതു നയമാകും വ്യവസായ നിക്ഷേപകരോട് സ്വീകരിക്കുക, ഫ്ലാറ്റ് നിര്‍മ്മാണ രംഗത്ത് നിക്ഷേപകരുടെ ആസ്തി പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: