ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ തെക്കേ നട റോഡ് തകര്‍ന്ന് യാത്ര ദുരിതമായി മാറിക്കൊണ്ടിരിക്കുകയാണ്. നാലമ്പല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
മുനിസിപ്പല്‍ കൗണ്‍സിലര്‍ അമ്പിളി ജയന് ഈ പ്രശ്നമുയര്‍ത്തി ചെയര്‍പേഴ്സണിന്റെ റൂമില്‍ കുത്തിയിരുപ്പ് നടത്തിയിരുന്നു. തീര്‍ത്ഥാടനത്തിനുമുമ്പ് ശരിയാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. നാലമ്പല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആയിരത്തിലധികം ബസുകള്‍ കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനത്തിനായി വരുമ്പോള്‍ അവ പാര്‍ക്ക് ചെയ്യാറുള്ളത് ക്ഷേത്രത്തിന് തെക്കുള്ള ബംഗഌവ് പറമ്പിലാണ്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം തെക്കേ നട റോഡിലൂടെ ബസുകള്‍ തിരിച്ച് പോകുമ്പോള്‍ ഉള്ള ഭാഗത്താണ് പ്രധാനമായും ചെളി നിറഞ്ഞ് കിടന്നിരുന്നത്. എന്നാല്‍ കൂടല്‍മാണിക്യം ദേവസ്വം ഇവിടെ കരിങ്കല്‍പൊടിയും മെറ്റലും വിരിച്ച് ഒരു പരിധി വരെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടിട്ടുണ്ട്.
കര്‍ക്കിടകമാസത്തില്‍ രൂക്ഷമായ കാലവര്‍ഷത്തിന്റെ ഫലമായി വെള്ളവും ചെളിയും കൂടി കലര്‍ന്ന് റോഡില്‍ നിറയുന്നത് മൂലം പരിസരവാസികള്‍ക്കും മറ്റു ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കൂടാതെ റോഡിന്റെ വീതി കുറവ് മൂലം മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ നിന്നു പാടത്തേയ്ക്ക് തെന്നി വീഴുകയും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: