തൃശൂര്‍: ജൈവസംസ്കരണകേന്ദ്രം, സ്വരാജ്റൗണ്ടില്‍ ഡക്ടുകളും കാനകളും, മണ്ണുത്തിയില്‍ പാര്‍ക്കിംഗ് പ്ലാസ, സൗരോര്ജനിര്മാണം എന്നിവയുള്‍പ്പെടെ 137 കോടി രൂപ ചെലവുവരുന്ന വികസനപദ്ധതികള്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇത് സര്‍ക്കാരിനു ഉടനെ കൈമാറും. ഈ പദ്ധതികള്‍ എല്ലാം മുന്‍ഭരണസമിതിയുടെ കാലത്ത് രൂപംനല്കിയവയാണെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ചര്‍ച്ചകള്‍ക്കിടെ അറിയിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം തേടി സമര്‍പ്പിക്കുന്നത് അതുസംബന്ധിച്ച ഉറപ്പുകള്‍ ലഭിച്ചതുകൊണ്ടല്ല. അതേസമയം മേയറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതികള്‍ പൊടിതട്ടിയെടുത്തു നല്‍കുന്നത്. പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരം തേടുമ്പോള്‍ പരിഗണനയിലുളള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കോര്പറേഷന് ബാധ്യസ്ഥരാണെന്നും ഡെപ്യൂട്ടിമേയര്‍ പറഞ്ഞു. അടിയന്തരയോഗത്തിലാണ് പദ്ധതികള്‍ക്ക് അനുമതി തേടിയത്. അതേസമയം പദ്ധതികള്‍ പ്രായോഗികമാണോ എന്ന് പ്രതിപക്ഷം ആരാഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുമില്ല.
കുരിയച്ചിറ അറവുശാല ആധുനികവല്‍ക്കരണത്തിനുളള വിശദാംശം പ്ലാനിംഗ് കമ്മീഷനു സമര്‍പ്പിക്കാനും തീരുമാനിച്ചു. കോര്പറേഷന് സാമ്പത്തികവര്‍ഷാവസാനം 20.02 കോടി രൂപ ബാക്കിയുണ്ടെന്ന് വാര്‍ഷികധനകാര്യ പത്രികയില്‍ വ്യക്തമാക്കി. റോഡുതകര്‍ച്ച ഉടനെ പരിഹരിക്കാന്‍ കോര്പറേഷന് മൊബൈല്‍ യൂണിറ്റ് രൂപീകരിക്കാമെന്ന് ധാരണയായി. എവിടെയെങ്കിലും തകര്‍ച്ചയുണ്ടായാല്‍ പെട്ടെന്ന് എത്തി പരിഹാരനടപടിയെടുക്കാനാകും. ബജറ്റ് അവതരിപ്പിക്കാതെ ഭരണപക്ഷം ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് എം.കെ മുകുന്ദന് നേരത്തെ കുറ്റപ്പെടുത്തി. ഇതൊക്കെ നടപ്പാക്കാനുളള പദ്ധതികളാണോ എന്നും ചോദിച്ചു. ഭരണപക്ഷം കണ്കെട്ടുവിദ്യ കാട്ടാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഓരോ പേരില്‍ തട്ടിപ്പുനടത്തുന്ന സ്ഥിരം നാടകവേദിയായി കോര്പറേഷന് നേതൃത്വം മാറിയെന്ന് ജോണ്‍ഡാനിയല്‍ വിമര്‍ശിച്ചു. സ്കൂളുകള്‍ക്ക് അടുത്ത് പോലും സ്ലാബുകളും റോഡുകളും തകര്‍ന്നുകിടന്നിട്ടും ആരും തിരിഞ്ഞുനോക്കാനില്ലെന്ന് കെ.മഹേഷ് ചൂണ്ടിക്കാട്ടി. പി.കൃഷ്ണന്‍കുട്ടി, ലാലിജെയിംസ്, എം.എസ് സമ്പൂര്‍ണ തുടങ്ങിയവരും സംസാരിച്ചു. മേയര്‍ അജിത ജയരാജന് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിനു സമീപം നടന്ന വാഹനാപകടത്തില്‍ മുണ്ടൂര്‍ സ്വദേശി പ്രസാദ് മരിക്കാനിടയായ സംഭവത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. കൗണ്‍സില്‍ യോഗത്തിന്റെ കീഴ്വഴക്കങ്ങള്‍ക്ക് ഇളവ് നല്‍കിയാണ് അംഗങ്ങല്‍ അനുശോചനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: