ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംങ്ങ് സെന്റര്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെഎസ്ആര്‍ടിസിയുടെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഓപ്പറേറ്റിംങ്ങ് സെന്ററിലൊന്നാണ് ഇരിങ്ങാലക്കുടയിലേത്. ശരാശരി ഇരുപതു സര്‍വ്വീസുകള്‍ മാത്രമാണ് ഇവിടെ നിന്നു നടത്തുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓപ്പറേറ്റിംങ്ങ് സെന്ററിനെ സബ്ബ് ഡിപ്പോയാക്കി ഉയര്‍ത്തിയെങ്കിലും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടായില്ല. തൃശ്ശൂര്കൊടുങ്ങല്ലൂര്, ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടുകളില്‍ ഓപ്പറേറ്റിംങ്ങ് സെന്ററിന് പ്രാധാന്യം നല്കി സര്‍വ്വീസ് ആരംഭിച്ചെങ്കിലും സ്വകാര്യ ബസ്സ് ലോബികള്‍ക്ക് വഴങ്ങി ചാലക്കുടി റൂട്ടില്‍ സര്‍വ്വീസ് പൂര്‍ണ്ണമായി നിര്‍ത്തുകയും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വിരലിലെണ്ണാ വുന്നതാക്കി ചുരുക്കുകയും ചെയ്തു. കോടികള്‍ ചിലവഴിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ്സ്റ്റാന്റും ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മിച്ചെങ്കിലും ഇതിപ്പോള്‍ ജീവനക്കാര്‍ക്കോ നാട്ടുക്കാര്‍ക്കോ ഉപകാരമില്ലാതെ കിടക്കുകയാണ്. വേണ്ടത്ര ബസ്സുകള്‍ ഇല്ലാത്തതാണ് സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കാത്തതിന്റെ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. പ്രാദേശിക ബസ് സര്‍വ്വീസ് അടക്കം ഓപ്പറേറ്റിംങ്ങ് സെന്ററില്‍ നിന്ന് ആരംഭിച്ചാല്‍ ലാഭമുണ്ടാക്കാമെന്ന് നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും അഭിപ്രായമുണ്ട്. ആവശ്യം പരിഗണിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിംങ്ങ് സെന്ററിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: