തൃശൂര്‍: അധികൃതരുടെ അനാസ്ഥമൂലം റോഡില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. തൃശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ പൂങ്കുന്നം കേരളവര്‍മ്മ കോളേജ് ജംഗ്ഷന് സമീപം റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടൂര്‍ കൊള്ളന്നൂര്‍ കണ്ടങ്ങത്ത് പ്രഭാകരന് മകന് പ്രസാദ് (34) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രസാദ് അപകടത്തില്‍പ്പെട്ടത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സുഹൃത്തിനെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലാക്കി മുണ്ടൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിലെ വലിയ ഗര്‍ത്തത്തില്‍ അകപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ പ്രസാദിനെ ആദ്യം വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ 5.45ഓടെ മരണം സംഭവിക്കുകയായിരുന്നു. കേരളവര്‍മ്മ കോളേജ് ജംഗ്ഷനു സമീപത്തുനിന്ന് പൂങ്കുന്നത്തേക്കുള്ള റോഡിലാണ് അപകടം സംഭവിച്ചത്.
ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും റോഡ് നന്നാക്കാന്‍ ഒരുനടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്ന പരാതി വ്യാപകമാണ്.മരിച്ച പ്രസാദ് ആര്‍എസ്എസ് കൈപ്പറമ്പ് മണ്ഡല് കാര്യവാഹാണ്. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ മുണ്ടൂര്‍ സെന്ററില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജയലക്ഷ്മിയാണ് പ്രസാദിന്റെ അമ്മ. ഭാര്യ നിഷി. ഒന്നരവയസ്സുള്ള കൃഷ്ണാദ് ഏകമകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: