കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന് കാണിച്ച് പൊതുവിതരണ വകുപ്പിന്റെ അറിയിപ്പ് വന്നത് ഉപഭോക്താക്കളെ കഷ്ടത്തിലാക്കി. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വീണ്ടും നല്‍കണമെന്ന് കാണിച്ചാണ് എല്ലാ റേഷന്‍ കടകളിലും അതാതു താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പ് പതിച്ചിട്ടുള്ളത്. പലരും വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നതായും പറയുന്നു. പുതിയ നിര്‍ദേശ പ്രകാരം റേഷന്‍ കടകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് അതാതു താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തിക്കേണ്ടത് റേഷന്‍ വിതരണക്കാരാണ്. ഒന്നര വര്‍ഷം മുമ്പ് നല്കിയ വിവരങ്ങള്‍ കൂടാതെ വീണ്ടും നല്‍കണമെന്ന് നിര്‍ദേശം ഉപഭോക്താക്കളിലും ഡീലര്‍മാര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രതിഷേധം ആദ്യം പ്രകടിപ്പിക്കുന്നത് റേഷന്‍ വിതരണക്കാരോടാണ്.
2015 ഡിസംബര്‍ 31 ന് മുമ്പായി തെറ്റ് തിരുത്തല്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് കരുതി കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന അറിയിപ്പാണ്. നേരത്തെ നല്കിയ അപേക്ഷകളില്‍ ഇപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും നല്കിയ കാര്‍ഡുടമകള്‍ക്ക് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടതിന്റെ സാംഗത്യം ഇനിയും മനസിലായിട്ടില്ല. റേഷന്‍ കാര്‍ഡിന് അപേക്ഷയും നല്കി ഉപഭോക്താക്കള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. റേഷന്‍ കാര്‍ഡ് എന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ഭക്ഷ്യവകുപ്പിന് ഉറപ്പില്ല. കാര്‍ഡ് വിതരണത്തിലെ കാലതാമസം പുതിയ അപേക്ഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
എന്നാല്‍ ആദ്യം നല്കിയ അപേക്ഷകളില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പൊതുവിതരണ സമ്പ്രദായം കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതിന്, പുതിയ ഉത്തരവനുസരിച്ചാണ് വീണ്ടും ആധാര്‍, ബങ്ക് നമ്പറുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് തലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. ചിലര്‍ നല്‍കിയിട്ടുണ്ടെന്നും ഓഫീസില്‍ നിന്നും വ്യക്തമാക്കി. നേരത്തെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. 31ന് മുമ്പായി വിവരങ്ങള്‍ നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. അതേ സമയം കാര്‍ഡിന്റെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ പൂര്‍ണമായും നല്കിയ അപേക്ഷകളിലെ നമ്പറുകളില്‍ നിന്ന് കാര്‍ഡിലുള്‍പ്പെട്ട ഒരാളുടെ നമ്പര്‍ മാത്രം എന്റര്‍ ചെയ്താല്‍ മതിയെന്ന് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നതായും സൂചനയുണ്ട്. പൊതുവിതരണ വകുപ്പിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: