മുക്കം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി, കൊടുവളളിമണ്ഡലങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട മുസ്ലീം ലീഗ് തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികളുടെ പുന:സംഘടന വൈകും. രണ്ട് മണ്ഡലങ്ങളിലും നിലനില്‍ക്കുന്ന വിഭാഗീയത തന്നെയാണ് പുന:സംഘടനക്ക് പ്രധാന തടസ്സം. അത് കൊണ്ട് തന്നെയാണ് പിരിച്ചുവിട്ടു ദിവസങ്ങളായിട്ടും പുതിയ കമ്മറ്റി നിലവില്‍ വരാതിരുന്നതും. തിരുവമ്പാടി മണ്ഡലത്തില്‍ മുക്കം നഗരസഭ ,കൊടിയത്തൂര്‍, കാരശ്ശേരി ,തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ ശക്തമായ ഗ്രൂപ്പിസമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറുവിഭാഗം പ്രവര്‍ത്തകരും പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അത് തന്നെയാണ് ഈ രണ്ട് പേര്‍ക്കും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതാവാന്‍ കാരണവും. ഇതില്‍ ആരെ നിര്‍ത്തിയാലും മറുവിഭാഗം തോല്‍പ്പിക്കുമെന്നുറപ്പായിരുന്നു.ഇത് ഭയന്ന് തന്നെയാണ് കൊടുവളളി എം എല്‍ എ യായിരുന്ന ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായതോടെ ഇരുവിഭാഗവും കാല് വാരുകയായിരുന്നു. നിലവില്‍ പി. പൈതല്‍ ഹാജി പ്രസിഡന്റും വി.കെ ഹുസൈന്‍ കുട്ടി ജനറല്‍ സെക്രടറിയും സി.കെ കാസിം ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്.ഇതില്‍ പൈതല്‍ ഹാജി മരിച്ചതോടെ വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാനായിരുന്നു ചുമതല .പുതിയ കമ്മറ്റിയുടെ തലപ്പത്തേക്ക് പല പേരുകളും പരിഗണിക്കുന്നുണ്ടങ്കിലും എതിര്‍പ്പ് കാരണം പ്രഖ്യാപിക്കാനായിട്ടില്ല. പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു പേര് ഉയര്‍ത്തിക്കാണിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന് ആളില്ലാത്തതും പ്രതിസന്ധിയാണ്. മുന്‍ എം എല്‍ എ വിഭാഗത്തിനാവട്ടെ സി.കെ കാസിം, കെ വി അബ്ദുറഹിമാന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളുണ്ട്.
ഇത് തന്നെയാണ് കൊടുവള്ളിമണ്ഡത്തിലേയും സ്ഥിതി. മത്സരിച്ച് പരാജയപെട്ട ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ക്കെതിരെ വലിയൊരു വിഭാഗം ഇപ്പോഴും നിലവിലുണ്ട്. ഇദ്ധേഹത്തിന്റെ കടുംപിടുത്തമാണ് കാരാട്ട് റസാഖ് ലീഗ് വിടാനും ഇടത് പിന്‍തുണയോടെ മത്സരിക്കാനും വിജയിക്കാനും വഴിയൊരുക്കിയതെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കാരാട്ട് റസാഖിനൊപ്പം പാര്‍ട്ടി വിട്ട നൂറ് കണക്കിന് പ്രവര്‍ത്തകരെ തിരിച്ച് കൊണ്ട് വരികയെന്ന ഭാരിച്ച ഉത്തരവാദിത്വവും പുതിയ കമ്മറ്റിക്കുണ്ടാവും.
2 മണ്ഡലങ്ങളിലേയും പിരിച്ചുവിട്ട നഗരസഭാ ,പഞ്ചായത്ത് കമ്മറ്റികളും പുന:സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതും പാര്‍ട്ടി നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ്.
















