പാലക്കാട് പട്ടണത്തില്‍നിന്നും എട്ട് കിലോമീറ്ററും, മലമ്പുഴ ഡാമില്‍നിന്നും 15 കിലോമീറ്ററും ദൂരത്തില്‍ സ്ഥിതിചെയ്യുന്ന 4000 വര്‍ഷം പഴക്കം കണക്കാക്കുന്ന ഹേമാംബിക ക്ഷേത്രമാണ് ഏമൂര്‍ ഭഗവതി ക്ഷേത്രം. കന്യാകുമാരിയിലെ ബാലാംബിക ക്ഷേത്രവും, ലോകനാര്‍ക്കാവിലെ ലോകാംബിക ക്ഷേത്രവും മംഗലാപുരത്തെ മൂകാംബിക ക്ഷേത്രവുമാണ് ഈ ക്ഷേത്രത്തോളം പ്രശസ്തവും പഴക്കമുള്ളതുമായ ക്ഷേത്രങ്ങള്‍. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഭഗവതിയാണ് പ്രതിഷ്ഠ എന്നതുകൊണ്ടാണത്രെ, കൈപ്പത്തി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ അഭ്യര്‍ത്ഥന പ്രകാരം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1982 ല്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ചിഹ്‌നമായി കൈപ്പത്തി സ്വീകരിക്കുകയും ചെയ്തു എന്നത് ചരിത്രം. പാലക്കാടന്‍ ജനതയുടെ ആത്മീയ കേന്ദ്രം എന്ന നിലയില്‍ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റാണ് ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂള്‍ നടത്തുന്നത്. ട്രൈബല്‍ ഹോസ്റ്റലിലെ നൂറോളം വരുന്ന കുട്ടികള്‍ പഠിക്കുന്നതും ഈ കലാലയത്തിലാണ്.
അകമലവാരം ഹില്‍റേഞ്ചിലെ 26,000 ഏക്കര്‍ ഭൂമിയാണ് ഈ ക്ഷേത്രത്തിനുണ്ടായിരുന്നത്. ഈ ഭൂമിയില്‍നിന്നാണ് മലമ്പുഴ ഡാമിനുവേണ്ടി 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്തത്. 1000 ഏക്കര്‍ ഭൂമി 1907 ല്‍ 30 വര്‍ഷത്തെ ലീസിന് ദേവസ്വം നല്‍കി. ശേഷിക്കുന്ന ഭൂമിയത്രയും ഫോറസ്റ്റ് എന്ന നിലയില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
1907 ല്‍ ലീസിന് നല്‍കിയ 1000 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ എടുത്തതു കഴിച്ച് 694.32 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രത്തിന് ഉടമസ്ഥാവകാശമുള്ളത്. ഈ ഭൂമി സെഡില്‍ഹാള്‍ ലില്ലി എസ്റ്റേറ്റിനാണ് ലീസിന് നല്‍കിയത്. വര്‍ഷം രണ്ടുരൂപയായിരുന്നു വാടക. അത് പിന്നീട് 1937 ലും 1969 ലും പുതുക്കി നല്‍കി. 1999 ല്‍ കരാര്‍ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ ദേവസ്വം തയ്യാറായില്ല. പാലക്കാട് സബ്‌കോടതിയിലും ജില്ലാ കോടതിയിലുമായി നടന്ന നിയമയുദ്ധങ്ങള്‍ ദേവസ്വത്തിന് അനുകൂലമായി.
എന്നാല്‍ പതിനൊന്നോളം വരുന്ന അപ്പീലുകള്‍ കേരള ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നു. 2012 ലെ അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതിനാവശ്യമായ യാതൊരു നടപടിയും മലബാര്‍ ദേവസ്വം ബോര്‍ഡോ, സര്‍ക്കാരോ സ്വീകരിക്കുന്നില്ല. പാലക്കാട് കേന്ദ്രീകരിച്ചുള്ള നേച്വര്‍ ലവേഴ്‌സ് മൂവ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ദേവസ്വം ഭൂമി ഏറ്റെടുക്കുവാന്‍ പാലക്കാട് ജില്ല കളക്ടറോട് 2008 ല്‍ ആവശ്യപ്പെട്ടിരുന്നതാണ്.
ഈ ഉത്തരവ് കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി, കെട്ടിക്കിടക്കുന്ന അപ്പീലുകള്‍ പരിഗണിക്കണമെന്നാവശ്യപ്പെടുവാന്‍പോലും സര്‍ക്കാരോ ദേവസ്വംബോര്‍ഡോ തയ്യാറാവുന്നില്ല. മറിയാമ്മ ജോസഫ് മുതല്‍ ഹന്‍സാല ജോര്‍ജ് വരെയുള്ള പതിനഞ്ചോളം ധനാഢ്യരായ വ്യക്തികളും സെബാസ്റ്റ്യന്‍ വര്‍ഗീസ് പാര്‍ട്ട്ണറായ റിവര്‍ സൈഡ് പ്ലാന്റേഷന്‍, അലക്‌സ് ജോസഫ് പാര്‍ട്ട്ണറായ ഹില്‍ടോപ്പ് പ്ലാന്റേഷന്‍, ഹന്‍സാല ജോര്‍ജ് പാര്‍ട്ട്ണറായ ഡാം വ്യൂ പ്ലാന്റേഷന്‍ എന്നിവയടങ്ങുന്ന ഗ്രൂപ്പാണ് ഭൂമി കൈവശം വച്ചുവരുന്നത്.
ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും വന്‍ സ്വാധീനമുള്ള ഇക്കൂട്ടരുടെ സ്വാധീനത്തിന് വഴങ്ങിയാണ് 1997 ല്‍ ദേവസ്വത്തിന് ലഭിക്കേണ്ട ഭൂമി കിട്ടാതെപോകുന്നത്. ദേവസ്വം ബോര്‍ഡില്‍ കേരള ഗവണ്‍മെന്റിന്റെ രാഷ്‌ട്രീയ നോമിനികള്‍ മാത്രമായതുകൊണ്ടാണ് ഇടതു-വലതു മുന്നണികളുടെ രാഷ്‌ട്രീയ നിലപാടുകള്‍ നടപ്പിലാക്കാന്‍ കഴിയുന്നത്. കേരള ഹൈക്കോടതിയുടെ 2008 ലെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കാന്‍ പാലക്കാട് കളക്ടര്‍ക്ക് സാധിക്കാതെ വന്നതും ഈ രാഷ്‌ട്രീയ ഇടപെടലുകളുടെ ഭാഗമായി മാത്രമാണ്. തങ്ങളുടെ ഇന്ദിരാജിക്ക് ഊര്‍ജം പകര്‍ന്ന ഈ ക്ഷേത്രത്തിന്റെ സ്വത്ത് സംരക്ഷിക്കാന്‍ ഒരു കോണ്‍ഗ്രസ് ഭരണാധികാരിയും രംഗത്തുവന്നില്ല! പലതവണ ജനങ്ങള്‍ വോട്ട് നല്‍ക് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയമായ സഖാവ് വിഎസ് ഈ ധനശക്തിക്കുമുന്നില്‍ ഓച്ചാനിച്ചു നിലക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
ഒരു സംഘടന നല്‍കിയ കേസില്‍ ദേവസ്വത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പിലാക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്? പാവങ്ങളായ ഗ്രാമീണരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരെ ജനമനഃസാക്ഷി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.
മുമ്പ് ദേവസ്വത്തിന്റേതായിരുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതുമായ 26000 ഹെക്ടര്‍ ഭൂമിയാണ് പശ്ചിമഘട്ടമലനിരയിലുള്ളത്. സുപ്രീംകോടതി വിധിയെപ്പോലും, ഭരണകൂട സഹായത്തോടെ അട്ടിമറിച്ചാണ് എസ്റ്റേറ്റ് ലോബി ഇത് കൈവശം വച്ചിരിക്കുന്നത്. 2000 ല്‍ എ.ജി.നായര്‍ എസ്റ്റേറ്റ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
അവരുടെ കൈവശത്തെ തടസ്സപ്പെടുത്തരുതെന്ന് അപേക്ഷിച്ചപ്പോള്‍ 24 മണിക്കൂറിനകം ഭൂമി സര്‍ക്കാരിന് കൈവശം കൊടുക്കാനാണ് കോടതി ഉത്തരവായത്. എന്നാല്‍ ഈ ഭൂമി 2016 ലും എ.ജി.നായര്‍ എസ്റ്റേറ്റിന്റെ കൈവശത്തിലാണ്! ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് 1962 പ്രകാരം ഡാമിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഭൂമി പാടില്ലെന്നിരിക്കെ പതിമൂന്നോളം സ്വകാര്യ എസ്റ്റേറ്റുകളാണ് മലമ്പുഴ ഡാമിന് സമീപത്തുള്ളത്. ആതുരാശ്രമം, ചാക്കോള എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള കോടതി വിധികള്‍ വന്നപ്പോള്‍ കടലാസ്സില്‍ ഒഴിപ്പിക്കുകയും സര്‍ക്കാരിന്റെ കൈവശം എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. എസ്റ്റേറ്റ് ഇപ്പോഴും കൈവശം വക്കുന്നതും ആദായം എടുക്കുന്നതും അതത് എസ്റ്റേറ്റ് ഉടമകള്‍ തന്നെയാണ്.
വിഎസിന്റെ മണ്ഡലമാണ് മലമ്പുഴ എന്നതുകൊണ്ട്, അദ്ദേഹത്തിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു.
കൈവശരേഖകള്‍ ഉണ്ടായിരുന്നിട്ടും മംഗലം ഡാം പരിസരത്തുനിന്നും 250 ല്‍ പരം വരുന്ന പട്ടികവര്‍ഗ്ഗക്കാരെ കുടിയൊഴിപ്പിക്കാന്‍ ചെല്ലുന്ന അധികാരിവര്‍ഗത്തോട് സവിനയം ചോദിക്കട്ടെ നിങ്ങള്‍ ആരുടെ പക്ഷത്താണ്? തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുത്തി ശീലിച്ച ചിഹ്നത്തില്‍ നിന്നും മാറ്റിക്കുത്തുന്നത് തെറ്റാണെന്ന് ചിന്തിക്കുന്ന പാവപ്പെട്ടവന്റെ അജ്ഞതയെ ചൂഷണം ചെയ്ത്, അധികാരത്തിന്റെ ഇടനാഴികളില്‍ കുടികിടപ്പ് കിട്ടി എന്ന ഇടത്-വലത് ധാര്‍ഷ്ട്യമുണ്ടല്ലോ, അത് സ്വപ്‌നം മാത്രമാണെന്ന് നിങ്ങള്‍ അറിയണം.
ലക്ഷക്കണക്കിന് വനവാസി, പട്ടികജാതി ജനത കൂരയില്ലാതെ കേഴുമ്പോള്‍ ധനാഢ്യരുടെ സമ്പത്തുകൂട്ടാന്‍ പണിയെടുക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമാണികളും ഒന്നറിയുക, പാലക്കാട്ടും കേരളമാകെയും പടയണി ഒരുങ്ങുകയാണ്. നിങ്ങളുടെ ദന്തഗോപുരങ്ങളാണ് പൊതുസ്വത്ത് അന്യാധീനപ്പെടുത്തുന്നത് എങ്കില്‍ അവ തകരുംവരെ അടങ്ങിയിരിക്കാനാകാത്ത ജനതയുടെ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കും. രാഷ്‌ട്രീയമല്ല, രാഷ്‌ട്രമാണ് പ്രധാനം. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ സമ്പന്നവര്‍ഗ്ഗത്തിന്റെ കൂടിച്ചേരലാണ് കേരളത്തിലെ ഇടതുവലതു മുന്നണികള്‍.
ഈ കൂട്ടായ്‌മയുടെ അനന്തരഫലമാണ് പാലക്കാട്ടെ ഭൂമി കൈയേറ്റം. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലക്കാരാണ് ക്ഷേത്രഭൂമി അന്യായമായി കൈവശം വെച്ച് കേസ് നടത്തുന്നത്. പാലക്കാട് ജില്ലക്കാരും സമീപവാസികളും ഈ പട്ടികയില്‍ ഇല്ല. അതുകൊണ്ടുതന്നെ ഉപജീവനത്തിനുവേണ്ടി കൃഷിചെയ്യുന്നവരല്ല ഈ ഭൂമിയിലെ കൈവശക്കാര്‍ എന്നുകാണാം.
ഈ വിലാസക്കാരെല്ലാം ആരുടെ ബിനാമികളാണ് എന്നാണ് ഇനി അറിയാനുള്ളത്. 2008 ലെ ഹൈക്കോടതി വിധിയും 2000ത്തിലെ സുപ്രീംകോടതി വിധിയും മറികടക്കാനുള്ള പ്രാപ്തി ഇവര്‍ക്കു നല്‍കിയത് ഏതെല്ലാം ഭരണാധികാരികളുടെ പിന്തുണകൊണ്ടാണെന്ന് വരുംദിവസങ്ങളില്‍ വെളിപ്പെടും.
നഗ്‌നമായ നിയമലംഘനവും കൈയൂക്കും പിടിച്ചുപറിയും, പ്രകൃതിചൂഷണവും പാര്‍ശ്വവത്കരിക്കപ്പെട്ടവനോടുള്ള അവഗണനയും നടമാടുന്ന പാലക്കാടിന്റെ ജനപ്രതിനിധികളാവട്ടെ ഉത്തരഭാരതത്തിലെ ജനങ്ങളെ സംരക്ഷിക്കാനും കനയ്യകുമാറിന് ജയജയ പാടാനും ഓടിനടക്കുന്നത് കാണുമ്പോള്‍ കൗതുകമല്ല, നെഞ്ചിടിപ്പാണ് ഉണ്ടാകുന്നത്. പാലക്കാട്, മലമ്പുഴ എംഎല്‍എമാര്‍, പാലക്കാട് എംപി ഇവരൊന്നും അറിയാതെയാണോ നിരവധി വര്‍ഷങ്ങളായുള്ള ഈ കൊള്ളനടക്കുന്നത്? വില്ലേജാഫീസില്‍പ്പോലും സര്‍ക്കാര്‍ ഭൂമിയെപ്പറ്റിയുള്ള രേഖകളോ രജിസ്റ്ററുകളോ ഇല്ല.
പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതിയും ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം ദീക്ഷിക്കുകയാണ്. രണ്ടാം ഭൂപരിഷ്‌കരണമെന്ന ബിജെപി നിലപാട് പ്രസക്തമാകുന്നത് ഇവിടെയാണ്. ജനാധിപത്യം, സാമൂഹിക സുരക്ഷ, സ്ഥിതിസമത്വം എന്നീ വാക്കുകള്‍ പാലക്കാട് ജില്ലയെ സംബന്ധിച്ചിടത്തോളം കടലാസിലെഴുതി വായിക്കാനുള്ളത് മാത്രമാണ്!
















