കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാഴ്ചവെച്ച അഴിമതിയും ജന വിരുദ്ധ നയങ്ങളും നിറഞ്ഞ ഭരണത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന് പറഞ്ഞു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍.ബാബുരാജിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്.
മുഖ്യമന്ത്രി മാറിയെന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ശരിയാണെന്ന് രണ്ട് മാസക്കാലത്തെ പിണറായി ഭരണം തെളിയിച്ചു.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പിണറായി വിജയന് ചിരിച്ചതായി കണ്ടിട്ടില്ല. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ചിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ ആ ചിരി മനസ്സിന്റെ ഉള്ളില്‍ നിന്ന് വരുന്നതല്ലായെന്നാണ് ഭരണം കാണിക്കുന്നത്. ബിജെപിക്ക് എംഎല്എമാരുണ്ടാകാതിരിക്കാന് എല്ലാ വിധത്തിലും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികള്‍ ശ്രമിച്ചുവെങ്കിലും രാജഗോപാല്‍ വിജയിച്ചു. സിപിഎം ലീഗിന് വോട്ട് മറിക്കലും വ്യാപകമായ കള്ളവോട്ടും നടന്നത് കൊണ്ട് മാത്രമാണ് മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് പരാജയപ്പെട്ടത്.
ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഇടത് പക്ഷം തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനായി പ്രചരണം നടത്തുമ്പോഴും പ്രകാശ് കാരാട്ട് പറഞ്ഞത് ബിജെപി ഫാസിസ്റ്റ് പാര്ട്ടിയല്ലായെന്നാണ്. ഞങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഐസ്ക്രീം കേസിലെ പ്രതികളെ കൈയ്യാമം വെച്ച് തെരുവുകളിലൂടെ നടത്തിക്കുമെന്ന് പറഞ്ഞ സിപിഎം ഇപ്പോള്‍ വി.എസ് അച്യുതാനന്ദന് നടത്തുന്ന കേസിനെ എതിര്‍ക്കുകയാണ്. ഭീകരവാദം കേരളത്തില്‍ അടിയുറച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ഇടത് വലത് മുന്നണികളാണ്. പയ്യന്നൂരില്‍ അക്രമണം നടത്തിയത് സിപിഎം തന്നെയാണെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പയ്യന്നൂര്‍ സംഭവത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന നിയമ സംവിധാനം കേരളത്തില്‍ തകര്‍ന്നിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എന്‍.ബാബുരാജ്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്, രാമപ്പ മഞ്ചേശ്വരം, ജറല്‍ സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി ബല്‍രാജ്, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്, സെക്രട്ടറി ജയകുമാര്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍, മഹിളാമോര്‍ച്ചാ ഉദുമ മണ്ഡലം പ്രസിഡണ്ട് ഗംഗാസദാശിവന്‍, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: