ഇസ്ലാമാബാദ്: കൊടുംഭീകരനും ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറുമായ ബുർഹാൻ വാനി കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ പാക്കിസ്ഥാനിൽ കരിദിനാചരണം. മറ്റൊരു കൊടുംഭീകരനും ലഷ്‌ക്കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫീസ് സെയ്ദിന്റെ നേതൃത്വത്തിൽ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രകടനം.
വാനിയെ വീരപോരാളിയായും കശ്മീരിൽ ഭാരതം അക്രമം അഴിച്ചുവിടുകയാണെന്നും ആരോപിച്ചാണ് പാക് സർക്കാരിന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചത്. ഇത് ഭാരതത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള കടന്നുകയറ്റമാണ്. കരിദിനമാചരിക്കാൻ പാക് സർക്കാർ തീരുമാനിച്ച സമയത്തു തന്നെ ഭാരതം അതിനെ എതിർത്തിരുന്നു.
പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സർക്കാർ ഉന്നയിച്ച അതേ ആരോപണങ്ങൾ പറഞ്ഞാണ് ഹാഫീസ് സെയ്ദിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നതും. ലഷ്‌ക്കർ ഇ തൊയ്ബയുടെ സ്ഥാപകനായ ഹാഫീസ് സെയ്ദാണ് ജാമാത്ത് ഉദ് ദവ എന്ന ഭീകര സംഘടന രൂപീകരിച്ചതും. ലാഹോറിൽ നിന്ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലേക്കായിരുന്നു യാത്ര. ബസുകളിലും ലോറികളിലും ആയിരുന്നു ഭീകരരും ഇവരെ അനുകൂലിക്കുന്നവരും വിഘടനവാദികളും പ്രകടനം നടത്തിയത്.
ചൊവ്വാഴ്ച ആരംഭിച്ച യാത്ര ഇന്നലെ ഇസ്ലാമാബാദിൽ എത്തി. തുടർന്ന് കശ്മീരിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ സമ്മേളനവും ചേർന്നു. അമേരിക്ക തലയ്‌ക്ക് നൂറു ലക്ഷം ഡോളർ വലിയിട്ടിരിക്കുന്ന കൊടുംഭീകരനാണ് ഹാഫീസ് സെയ്ദ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
പ്രകടനത്തിന്റെ രണ്ടാം ഘട്ടം ഇസ്ലാമാബാദിൽ നിന്ന് പാക്കധിനിവേശ കശ്മീരിലെ മുസാഫറാബാദിലേക്കാണ്. അവിടെ നിന്ന് ചകോത്തിയിലേക്കാണ് മൂന്നാം ഘട്ടം. വാനി വധത്തിന്റെ പേരിൽ കശ്മീരിൽ പാക്കനുകൂലികളും ഭീകരസംഘടനകളും സംഘർഷം അഴിച്ചുവിട്ടിരുന്നു. അക്രമികളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളിൽ നാല്പതോളം പേരാണ് കൊല്ലപ്പെട്ടത്. കശ്മീരിൽ അവസ്ഥ ഇപ്പോഴും പഴയ രീതിയിലേക്ക് എത്തിയിട്ടില്ല.















