കാഞ്ഞങ്ങാട്: സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പ് പട്ടികജാതി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍. ജില്ലയിലെ പട്ടികജാതി കുടുംബങ്ങളാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം നട്ടം തിരിയുന്നത്. ധനസഹായം പ്രതീക്ഷിച്ച് വീട് വെച്ച പലരും പണം ലഭിക്കാതെ വീട് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയിലാണ് വീടില്ലാത്ത കോടോം ബേളൂര്‍ പഞ്ചായത്തിലെ ചാമക്കുഴി, കൂവ്വക്കല്ല്, തൊട്ടി, മൂപ്പില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 34 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചത്.
എന്നാല്‍ വീടിനനുവദിച്ച തുക കൃത്യമായി ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിയില്‍ നിലച്ചിരിക്കുകയാണ്. ഇതുമൂലം മഴക്ക് മുമ്പ് വീട് പണി പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിച്ച് നിലവിലുള്ള വീട് പൊളിച്ച് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി താമസിച്ചവര്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. വീടെന്ന സ്വപ്നവുമായി ഇവര്‍ ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴില്‍ പിഞ്ചുകുട്ടികളെയും കൊണ്ട് ധനസഹായത്തിന്റെ അടുത്ത ഘട്ടം ലഭിക്കുന്നതും കാത്ത് കഴിയുകയാണ്. മൂന്നര ലക്ഷം രൂപയാണ് വീടിന് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ രണ്ടു തവണകളിലായി ഒന്നര ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ പ്രധാന കോണ്‍ക്രീറ്റിന് സമമെത്തിയ വീടുകള്‍ തുടര്‍ന്ന് നടത്താന്‍ പണമില്ലാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിനിടയില്‍ തുക ലഭിക്കുമെന്ന് കരുതി പണം കടംവാങ്ങി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയവരുമുണ്ട്. ഇവര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. സാധന സാമഗ്രികള്‍ കടമായി വാങ്ങിയവര്‍ കടക്കാരില്‍ നിന്ന് ഒളിച്ചോടേണ്ട സ്ഥിതിയിലാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചയക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സ്ത്രീകളുള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. പലരുടെയും അക്കൗണ്ടിലെ പ്രശ്നമാണ് തുക ലഭിക്കാത്തതെന്ന് പറഞ്ഞ് ട്രൈബല്‍ അധികാരികളുടെ നിര്‍ദേശ പ്രകാരം പുതിയ അക്കൗണ്ട് തുടങ്ങി പണം ചിലവായവരുമുണ്ട്. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് മാത്രം പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന നിരാശയിലാണ് കോളനിവാസികള്‍. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരും ദളിതരെ അവഗണിക്കുകയാണ്.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ തുക പൂര്‍ണ്ണമായി ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച ചാമക്കുഴി കോളനിയിലെ വീട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: