പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ അക്രമണ പരമ്പര തുടരുന്നു. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു, കഴിഞ്ഞ ദിവസംവീടുകള്ക്ക് നേരെയും അക്രമമുണ്ടായി. മലയാലപ്പുഴ ടൗണ്‍, പൊതിപ്പാട്, കരിമ്പാറമല, തുടങ്ങിയ പ്രദേശങ്ങളിലാണ് സിപിഎം -ഡിവൈഎഫ്ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. പൊതിപ്പാട് വെയിറ്റിംങ് ഷെഡ്ഡിലിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമികള്‍ മര്‍ദ്ദിച്ചു. കരിമ്പാറ മല ശരത്തിന്റെ വീട്ടില്‍ കയറിയ സംഘം അക്രമം അഴിച്ചുവിട്ടു. മൂന്നു ബൈക്കുകളിലെത്തിയ സംഘത്തിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മുക്കുഴി അശ്വിന്റെ വീട് കഴിഞ്ഞദിവസം സിപിഎം സംഘം എറിഞ്ഞ് തകര്‍ത്തു. ചാക്കുകളില്‍ കല്ലുകൊണ്ടുവന്നാണ് ഗുണ്ടാസംഘം വീടെറിഞ്ഞ് തകര്‍ത്തത്. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പത്തനംതിട്ട സിഐയും മലയാലപ്പുഴ പോലീസും സ്വീകരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അക്രമത്തിനിരയായ വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട സന്ദര്‍ശിച്ചു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ്, മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി.അനില്‍, ബൂത്ത് പ്രസിഡന്റ് പ്രസാദ്, എം.ജി.കൃഷ്ണകുമാര്‍, നന്ദകുമാര്‍, കെ.പി.ഹരിദാസ്, ജയചന്ദ്രന്, പ്രശാന്ത് എന്നിവരും ജില്ലാ പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: